പറഞ്ഞു മടുത്തവരിൽ ക്രിസ്തുവും ബുദ്ധനും, സ്വാമി വിവേകാനന്ദനുമൊക്കെ പെടും. ഒരു പക്ഷേ, അവർ ഇന്നാണു ജീവിച്ചിരിക്കുന്നതെങ്കിൽ, അത്ര കണ്ടു ക്ഷമയോടെ ഇക്കാര്യം നമ്മുടെ ശ്രദ്ധയിൽ പെടുത്താനുള്ള ഉദ്യമത്തിനു മുതിരുമോയെന്നും സംശയമാണ്. കാരണം, ശാസ്ത്രീയത വേണമെന്ന് നമ്മൾ ഇപ്പോഴും ശഠിച്ചു കൊണ്ടിരിക്കുന്നത്, കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മാത്രമാണ്. സിദ്ധാന്തങ്ങളിൽ അവ പൊരുളായി തിളങ്ങുന്നുണ്ടെങ്കിലും അവ വൃത്താന്തങ്ങളിൽ ഒന്നും എത്തിപ്പെടുന്നില്ലായെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. അഥവാ ഉണ്ടെങ്കിൽത്തന്നെ അത് നാമമാത്രാവസ്ഥയിലുമാവും. ധാർമ്മികബോധം ശാസ്ത്രീയ വിശകലനങ്ങൾക്കു കൂടെ അവനവനു പറ്റുന്ന തരത്തിൽ വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ, കേവലമായ ആവർത്തന വിരസതയിൽ നിന്നും നമുക്ക് 'വാക്കൗട്ട്' നടത്താനായേനെ! നിർവചനങ്ങൾക്ക് അപഭ്രംശം സംഭവിച്ചുപോയാൽ നമുക്കെന്തു ചെയ്യുവാൻ കഴിയും? കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും; ഒഴിഞ്ഞു മാറി പോകാതിരുന്നാൽ മാത്രം മതി.Followers
Thursday, February 21, 2019
പറഞ്ഞു മടുത്തവരിൽ ക്രിസ്തുവും ബുദ്ധനും, സ്വാമി വിവേകാനന്ദനുമൊക്കെ പെടും. ഒരു പക്ഷേ, അവർ ഇന്നാണു ജീവിച്ചിരിക്കുന്നതെങ്കിൽ, അത്ര കണ്ടു ക്ഷമയോടെ ഇക്കാര്യം നമ്മുടെ ശ്രദ്ധയിൽ പെടുത്താനുള്ള ഉദ്യമത്തിനു മുതിരുമോയെന്നും സംശയമാണ്. കാരണം, ശാസ്ത്രീയത വേണമെന്ന് നമ്മൾ ഇപ്പോഴും ശഠിച്ചു കൊണ്ടിരിക്കുന്നത്, കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മാത്രമാണ്. സിദ്ധാന്തങ്ങളിൽ അവ പൊരുളായി തിളങ്ങുന്നുണ്ടെങ്കിലും അവ വൃത്താന്തങ്ങളിൽ ഒന്നും എത്തിപ്പെടുന്നില്ലായെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. അഥവാ ഉണ്ടെങ്കിൽത്തന്നെ അത് നാമമാത്രാവസ്ഥയിലുമാവും. ധാർമ്മികബോധം ശാസ്ത്രീയ വിശകലനങ്ങൾക്കു കൂടെ അവനവനു പറ്റുന്ന തരത്തിൽ വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ, കേവലമായ ആവർത്തന വിരസതയിൽ നിന്നും നമുക്ക് 'വാക്കൗട്ട്' നടത്താനായേനെ! നിർവചനങ്ങൾക്ക് അപഭ്രംശം സംഭവിച്ചുപോയാൽ നമുക്കെന്തു ചെയ്യുവാൻ കഴിയും? കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും; ഒഴിഞ്ഞു മാറി പോകാതിരുന്നാൽ മാത്രം മതി.Wednesday, January 30, 2019
സൂക്ഷ്മമായ അറിവുകളിൽ അനന്തമായ വലിപ്പം സ്വപ്നം കണ്ട ഒരു സംസ്കാരത്തിൻ്റെ അനന്തരാവകാശികളാണ് നമ്മൾ. ആ നമ്മളാണ് വെറും ബാഹ്യലീലകളിൽ കണ്ണും മനസ്സും വച്ച് 'ലോകത്തിലെ ഏറ്റവും വലിയ' സാമഗ്രികൾ ഉണ്ടാക്കി വച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുവാൻ പെടാപാടുപെടുന്നത്. അത്തരം പടപ്പുകൾക്കായി നമ്മൾ പൊടിച്ചുകളയുന്ന 'കായി' കൊണ്ട് നമുക്ക് നിലവിലുള്ള കുറച്ചു മലിനമലകളുടെയെങ്കിലും മുനയൊടിച്ച് കളയാവുന്നതേയുള്ളൂ. എന്നാൽ പേര് കൊത്തിവച്ചുകാണുകയെന്ന ജാത്യാവിശേഷത്താൽ നമ്മൾ മറ്റെല്ലാം വിസ്മരിച്ചു കളയും.
കോടികൾക്കൊന്നും പണ്ടത്തെപ്പോലെ പകിട്ടോ പുതുമയോയൊന്നുമില്ലായെന്ന കാര്യം നേരു തന്നെ. എന്നാൽ വേലി തന്നെ വിളവും, വിതയ്ക്കായുള്ള വിത്തും എടുത്ത് ഉണ്ണാൻ തുടങ്ങിയാൽ പരിദേവനം മറ്റാരോട് പറയും? നമ്മൾ പുറംപണികളിൽ, പുറം മോടികളിൽ മാത്രം അഭിരമിക്കാൻ തുടങ്ങുന്നത്, അധ:പതനത്തിൻ്റെ ആദ്യമണിമുഴക്കമാണ്. "മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു"ണ്ട്, നിർത്താതെ!
ഭഗീരഥൻ ഹർത്താലുകൾ മറി കടന്ന് ഇങ്ങെത്തുന്നുമില്ല.
ഭഗീരഥൻ ഹർത്താലുകൾ മറി കടന്ന് ഇങ്ങെത്തുന്നുമില്ല.
"നമ്മൾ ഇങ്ങനെയൊന്നുമല്ല ആവേണ്ടത്" എന്നു ദിശാസൂചിക
തരാൻ വിധിക്കപ്പെട്ട നാവുകൾ പോലും പട്ടും വളയും മോഹിച്ച്
പാണൻ്റെ പിന്മുറക്കാരായി പാട്ടും പാടി പോകുന്നു!
മലതുരപ്പന്മാരായ എലികൾ പുറത്തുപോയി മറ്റൊരു വാതിലിലൂടെ കടന്നുവരുമ്പോൾ, അവതാരങ്ങളായി കാണപ്പെടുന്നു. ഞാനാണെങ്കിൽ കാലത്തിനു കുറുകെ നീന്തുന്ന ഒരു കോലമായി താഴ്ത്തപ്പെട്ടവൻ്റെ സുവിശേഷം വാഴത്തപ്പെടുന്ന ഒരു നാൾ കനവു കണ്ടങ്ങനെ..!
തരാൻ വിധിക്കപ്പെട്ട നാവുകൾ പോലും പട്ടും വളയും മോഹിച്ച്
പാണൻ്റെ പിന്മുറക്കാരായി പാട്ടും പാടി പോകുന്നു!
മലതുരപ്പന്മാരായ എലികൾ പുറത്തുപോയി മറ്റൊരു വാതിലിലൂടെ കടന്നുവരുമ്പോൾ, അവതാരങ്ങളായി കാണപ്പെടുന്നു. ഞാനാണെങ്കിൽ കാലത്തിനു കുറുകെ നീന്തുന്ന ഒരു കോലമായി താഴ്ത്തപ്പെട്ടവൻ്റെ സുവിശേഷം വാഴത്തപ്പെടുന്ന ഒരു നാൾ കനവു കണ്ടങ്ങനെ..!
എങ്കിലും, നദികൾ മരിച്ചൊടുങ്ങുന്നതിനുമുൻപ് എന്നെ ഇറുകെ പുണരുന്നുണ്ട്. ചിറകൊടിഞ്ഞു വീഴുന്നതിൻ മുമ്പേ കിളികൾ തോളിൽ കൊക്കുരുമ്മുന്നുണ്ട്. പിടഞ്ഞു പൊങ്ങുന്നതിനുമുമ്പേ ചെറുമീനുകൾ വിരലിൽ കടിക്കുന്നുണ്ട്. തല കറങ്ങി വീഴുന്നതിനുമുമ്പേ കാറ്റുകൾ മണമൂതി ത്തരുന്നുണ്ട്.
നമ്മൾ അറിഞ്ഞുകൊണ്ട് ചിറ്റാറുകളുടെ കഴുത്തിൽ കുരുക്കിടുന്നു. വിളപ്പിൽശാലകളുടെ ചെറുതയ്യുകൾ ജനപഥങ്ങളിൽ വച്ചു പിടിപ്പിക്കുന്നു. പാറക്കൂണുകളെ അടിയോടെ പിഴുതെടുക്കുവാൻ
മടി താങ്ങുന്നവർക്ക് അനുമതി കോരിക്കൊടുക്കുന്നുമുണ്ട്.
മടി താങ്ങുന്നവർക്ക് അനുമതി കോരിക്കൊടുക്കുന്നുമുണ്ട്.
പുതിയ കാലം മിന്നിത്തിളങ്ങാൻ പ്രതിജ്ഞകളും പ്രകടന പത്രികകളും മാത്രം പോരാ. അരികു ജീവിതങ്ങളിൽ ഇപ്പോഴും ചലം ഒലിക്കുന്നുണ്ട്. പുരമെരിയുമ്പോഴും അധിപന്മാർ മധുരവീണകൾ മീട്ടുന്നുണ്ട്. കൊടിയ വിഷം കൽക്കണ്ടമായി തളികകളിൽ വച്ചു നീട്ടുന്നുണ്ട്. ജാഗ്രത.. അതാണ് അതു മാത്രമാണ് ഇനി കരുതിവയ്ക്കേണ്ടത്.
Saturday, June 16, 2018
ആത്മാർപ്പണം ആവശ്യപ്പെടുന്നത്, രക്തസാക്ഷിത്വമല്ല. അത് ആദർശത്തിൻ്റെ വീണ്ടെടുപ്പുമല്ല. അവിടെ ഹൃദയത്തിനൊപ്പം തലച്ചോറും ഉറക്കമിളച്ചിരുന്ന് വരുംകാലത്തിനായി നെയ്ത്തുകൾ നിർവഹിക്കുന്നു. ആസുരകാലത്തിലെങ്കിൽ, ആ നെയ്തെടുക്കലിൻ്റെ ഊടും പാവും ചിലന്തിവലകളെപ്പോലെ കൗശലത്തിൻ്റെ വലക്കണ്ണികൾ ആവുന്നു. എന്നാൽ ഇതൊന്നുമില്ലാതെ കേവലമായ മനുഷ്യത്വത്തിൻ്റെ പേരിൽ 'ജീവിക്കുന്ന രക്തസാക്ഷിത്വ'മാകുവാനും ഒരു രാജ്യസ്നേഹിക്ക്/ മനുഷ്യസ്നേഹിക്ക് കഴിയും. അതിനുള്ള പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് നല്ല അയൽക്കാരനിലൂടെയാണ്.
എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെയെല്ലാം തൊട്ടടുപ്പങ്ങൾ നിരന്തരം ഭീതിദമായി നിരീക്ഷിക്കപ്പെടേണ്ട ആയുധപ്പുരകളായി കാലാന്തരത്തിൽ പരിണമിച്ചു കൊണ്ടിരിക്കുന്നു. 'അന്യൻ' എന്നും അനന്യനായിത്തന്നെ അപരിചിതത്വത്തിൻ്റെ മുഖാവരണവുമായി മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നു. സ്വപ്നങ്ങളൊന്നും തന്നെ കൂട്ടായി കാണുവാനുള്ള വിശാലസഖ്യം ഏറെക്കുറെ മറഞ്ഞുപോയിരിക്കുന്നു.
ഒരാളുടെ തലയെടുപ്പിനേയും നെഞ്ചുതള്ളലിനേയും ആനയിക്കുന്ന ആധ്യാത്മികത/ ആദർശാത്മകത കവലകളിൽ വച്ചു കണ്ടുമുട്ടിയാൽ കൈകൊടുക്കുന്നുമില്ല. നമ്മൾ അപരനിൽ ആദ്യം തിരക്കുന്നത് അടയാളങ്ങളാണ്. അടയാളങ്ങൾ ശേഷിപ്പിക്കാത്തവർ ഒരു ഗണങ്ങളിലും കൂട്ടുചേർക്കപ്പെടുന്നുമില്ല. അടുപ്പം പ്രകടമാകുന്നത് അരങ്ങുകളിൽ മാത്രമാണു താനും.
പ്രതീകങ്ങൾ വക്രീകരിക്കപ്പെടുകയും പ്രത്യയശാസ്ത്രങ്ങൾ പണ്ടത്തെപ്പോലെത്തന്നെ പല്ലും നഖവുമായി വെളിച്ചത്തിലേയ്ക്ക് വെളിച്ചപ്പാടായി വരുന്ന ഒരുകാലത്ത് കൗമാരം പലപ്പോഴും ബലിക്കല്ലുകളുടെ ആകൃതിയിൽ ചുരുണ്ടുകൂടുന്നു. എങ്കിലും മാമരങ്ങൾക്കിടയിൽ കൊടുങ്കാറ്റിൻ്റെ നെഞ്ചകങ്ങളെ കീറിമുറിച്ച് അങ്ങിങ്ങായി നിലകൊള്ളുന്ന ചില പുൽ'ക്കൊടി'കളെയെങ്കിലും കാണുന്നുണ്ട്. അവരിലേയ്ക്ക് പ്രതീക്ഷയുടെ കണ്മുനയും നീട്ടിവച്ച് കരുത്താർജ്ജിക്കുകയാണ് ഞങ്ങൾ...
Thursday, May 31, 2018
വേട്ടയാടപ്പെടുമ്പോൾ മാത്രം ഇരയുടെ കുലമോ, ജാതിയോ പാരമ്പര്യമോ ഒന്നും തന്നെ അത്ര കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇളകിയാടുന്ന കൂട്ടത്തിനു മുന്നിൽ കണ്ണീരിനോ, കരളലിവിനോ ഒന്നും തന്നെ പ്രസക്തിയുമില്ല. മുന്നിൽക്കിട്ടിയവൻ്റെ മരണത്തിടമ്പിൽ തൻ്റെ ക്രൗര്യത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോയെന്നു മാത്രമാണ് എല്ലാവരുടേയും ശ്രദ്ധ. ആക്രമണം, അഴിഞ്ഞാടലിൻ്റെ മഹോത്സവമാണ്. രക്തം ഉള്ളിലേയ്ക്ക് എടുക്കുമ്പോൾ മാത്രമാണ് അത് ബന്ധുത്വം ഉള്ളതാണോയെന്ന് നാമെല്ലാം ചിന്തിക്കുക. അതല്ലായെങ്കിൽ, അവൻ ഉള്ളിൽച്ചെന്ന് കലാപം അഴിച്ചുവിടുകയും ചിലപ്പോൾ മരണമുണ്ടാവുകയും ചെയ്യും. ആകയാൽ അവൻ ഏതു സംഘടനയിലാണ് അംഗമായിട്ടുള്ളതെന്ന് മെഡിക്കൽ സയൻസിനെ കൂട്ടുപിടിച്ച് നമ്മൾ സ്വയം ബോധ്യപ്പെടുത്തും.
എന്നാൽ രക്തം പുറത്തേയ്ക്ക് ചിന്തുന്ന കാര്യമെങ്കിൽ ഇപ്പറഞ്ഞ ഒന്നിൻ്റേയും കടമ്പകൾ ചാടിക്കടക്കേണ്ടതായിട്ടില്ല
ഭൂമിയുടെ നന്മകളെല്ലാം പൂത്തുലയുന്നത് മരത്തിലൂടെയെങ്കിൽ,
ആ നന്മകളെല്ലാം അകാലത്തിൽ മണ്ണിലേയ്ക്ക് അടക്കം ചെയ്യപ്പെടുന്നത്, നമ്മൾ മനുഷ്യരിലൂടെത്തന്നെ!
വാർത്തകൾ ഒന്നുകിൽ അതിരാവിലെ നമ്മെ പുളകം കൊള്ളിക്കുന്നു. അതല്ലായെങ്കിൽ അപകർഷതയാൽ അന്തർമുഖനാക്കുന്നു. ഇതു രണ്ടുമല്ലായെങ്കിൽ, ചില അധമവിഗ്രഹങ്ങളെ തരംതാഴ്ത്തിക്കാണിക്കുന്നതിപുലർകാലത്തെ ഓരോ പത്രപാരായണവും പലപ്പോഴും നമ്മെ വാർത്തകളുടെ വസ്തുനിഷ്ഠമായ അവലോകനങ്ങൾക്കു പകരം, ആത്മനിന്ദയുടെ കള്ളിമുൾമുനകളിൽ കൊണ്ടുനിർത്തുകയാണ് ചെയ്യുന്നത്. വലിയ താരത്തിളക്കമൊന്നുമില്ലാതെ,
പത്രപ്രവർത്തനത്തിൻ്റെ എക്കാലത്തേയും പരമാധികാരിയായ സാക്ഷാൽ സ്വദേശാഭിമാനി ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, ആ കൈകളിലെ തൂലിക ശരിക്കുമങ്ങ് പടവാളാക്കിയേനേ!
വാക്കിൻ്റെ വില ഉള്ളിൽ വച്ചുതന്നെ അഴുകിത്തുടങ്ങിയ ഒരു സംവേദനകാലത്ത് മന:സാക്ഷിയെന്നത് മരവിച്ച വെറും സാക്ഷിയായിപ്പോകുന്നു. ആപത്ബാന്ധവന്മാർപോലും അധികാരത്തിൻ്റെയും അനുനയത്തിൻ്റെയും അന്തർനാടകങ്ങളിൽ നായകനായും വില്ലനായും ഒരേ സമയം വേഷം കെട്ടുമ്പോൾ നമ്മൾ (കഴു)ക്കാണികൾ ആരുടെ പക്ഷം ചേരും എന്നറിയാതെ പകച്ചൊടുങ്ങിത്തീരുന്നു. ഞെട്ടലുകളും ഞരക്കങ്ങളും ഒന്നിനും ഒരു കുറവ് വരാത്ത വണ്ണം അലമാരയിൽ ഭദ്രമായി അടുക്കിവച്ചിട്ടുണ്ട്. യഥാസമയം അവ എടുത്തണിയുകയേ വേണ്ടൂ. പുറം കാഴ്ചയിൽ എല്ലാം മനുഷ്യരൂപികൾ തന്നെ. പക്ഷേ സൂക്ഷ്മദർശനീയത്തിൽ അവയെല്ലാം അമീബകളെപ്പോലെ നിയതരൂപമില്ലാതെ ചുറ്റുമുള്ളതിനെയൊക്കെ വേട്ടയാടിപ്പിടിക്കുന്നു. അക്ഷരജ്ഞാനം അറിവിൻ്റെയും അനുകമ്പയുടേയും അളവുകോലായിരുന്ന ഒരു കാലം കണ്ണിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു. ദുരയും ദുരന്തവുമാണ് നമ്മുടെ ബ്രാൻഡ് അംബാസഡർമാർ. ആർ ആരെയാണ് തൊലിപ്പുറം നോക്കാതെയൊന്ന് ചേർത്തു പിടിക്കുക?Wednesday, April 4, 2018
അറിയുന്ന പ്രകൃതി അനുനിമിഷം കൈവെള്ളയിൽ നിന്ന് ഇറങ്ങിപ്പോവുകയും പകരം നാനോ ടെക്നോളജിയുടെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാവുന്ന മറ്റൊരു പ്രകൃതി അടുത്തെത്തുന്നതിൻ്റെ ചൂര് നന്നായി അനുഭവപ്പെടുന്നുണ്ട്.
അതിൽ ജൈവികത വ്യാഖ്യാനിക്കപ്പെടുന്നത്, മറ്റൊരു ഭാഷയിലും പ്രയോഗത്തിലുമാവും. പ്രകൃതിസ്വരൂപത്തെ വ്യാഖ്യാനിക്കുവാനും തർജ്ജുമ ചെയ്യുവാനുമുള്ള അധികാരവും അക്ഷരജ്ഞാനവും എണ്ണപ്പെട്ട അംഗങ്ങളുടെ പരമാധികാരത്തിലുമാവും. നദീസ്പർശവും ഹരിത ദർശനസുഖവുമെല്ലാം ടോക്കണുകളാൽ നിയന്ത്രിക്കപ്പെടും. ഒരുപക്ഷേ മരങ്ങളുടെ ജനുസ്സിലും അടിമുടി മാറ്റങ്ങൾ വന്നേയ്ക്കാം. ജനിതകമാറ്റം വരുത്തിയ ചെടികളും മരങ്ങളുമെല്ലാം ഒരു സ്വിച്ചിട്ടാൽ പൂക്കുവാൻ പാകത്തിൽ അന്ന് സജ്ജമായിരിക്കും. മൃഗങ്ങൾ ഇണചേരുന്നതും, തമ്മിൽക്കടിച്ചുകീറുന്നതുമെല്ലാം കാണികളുടെ താത്പര്യാനുസരണം നിയന്ത്രിക്കുവാനും കഴിയും. അന്ന് ആദ്യമായി ആഹാരത്തിനല്ലാതെ മൃഗങ്ങൾ പരസ്പരം വേട്ടയാടപ്പെടും. ആവശ്യം കഴിഞ്ഞ ജീവികളെ ഒരു റിമോട്ട് മുഖാന്തിരം ഒരു നിമിഷം കൊണ്ട് പഞ്ചഭൂതത്താന്മാരായി ആവിയാക്കുവാനും അന്നു കഴിയും.
ഒരു കുടുംബത്തിലെ തന്നെ ആളുകൾ തമ്മിൽ തിരിച്ചറിയുവാനായി വിരൽ അടയാളമോ, കണ്ണിലെ കൃഷ്ണമണി സ്കാനിംഗോ ഒക്കെ വേണ്ടിവന്നേയ്ക്കും. കണ്ണീര്, കുഞ്ഞുകുഞ്ഞു സെൻ്റ് (ൻ്റി) കുപ്പികളിൽ മാത്രം പ്രത്യേക സംവിധാനം വഴി കിട്ടുന്ന വിലപ്പെട്ട ഉൽപ്പന്നമാവും. ഏറ്റവും വില കുറഞ്ഞ വസ്തു അന്ന് ചുടുരക്തം തന്നെയാവും. രക്തത്താൽ പ്രവർത്തിക്കപ്പെടുന്നവയെല്ലാം ജനറേഷൻ്റെ ഏറ്റവും പഴയ ശ്രേണിയിൽ എടുത്തെറിയപ്പെടും..
നവശരീരങ്ങൾ രക്തസാന്നിധ്യമില്ലാതെ തന്നെ പ്രവർത്തിക്കപ്പെടുന്ന യന്ത്രസമുച്ചയങ്ങളാവും. അന്ന്
നവശരീരങ്ങൾ രക്തസാന്നിധ്യമില്ലാതെ തന്നെ പ്രവർത്തിക്കപ്പെടുന്ന യന്ത്രസമുച്ചയങ്ങളാവും. അന്ന്
അന്ന് ഈ വിശ്വപ്രകൃതി അമ്മയായി വാഴ്ത്തപ്പെടില്ലായെന്ന കാര്യത്തിൽ തെല്ലും ശങ്ക വേണ്ടതന്നെ!
Sunday, March 25, 2018
തലച്ചോറ് എന്നത് സ്വതന്ത്രഭരണസംവിധാനമുള്ള ഒരു പ്രവിശ്യയാണ്. അത് വഴിയിൽ കാണുന്നവരുടെയെല്ലാം മുന്നിൽ അടിയറവ് വയ്ക്കാനുള്ള പണയപ്പണ്ടമല്ല. ആലോചനയാണ് അതിൻ്റെ ഭരണഘടന. അവിടെ ആവേശം എന്നത് വല്ലപ്പോഴും വന്നുപോകേണ്ടുന്ന അതിഥി മാത്രമാണ്. ഒഴുക്കിനൊപ്പം നീന്തിപ്പോവുകയെന്നത് ആവർത്തിത സ്വഭാവമുള്ള ശീലക്കൈമാറ്റമാണ്.
യൗവനത്തിൻ്റെ വസന്തശോഭ നമ്മൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലുമൊക്കെ ദാനമായി നൽകിയിട്ട് അവരുടെ വാർദ്ധകം ആപാദചൂഢം ചൂടി കാലക്ഷേപം ചെയ്യുന്നു. വഴിയിൽ പൊലിഞ്ഞാലും അഥവാ പൂവിട്ടാലും ആർക്കെന്തു ചേതം?
പൂവുകളൂടെ മണങ്ങൾ തമ്മിലോ പൂമ്പൊടികൾ തമ്മിലോ ഏറ്റുമുട്ടി വഴിയിലൊരിടത്തും പരിക്കേറ്റു കിടക്കുന്നത് നമ്മൾ കണ്ടിട്ടില്ല. അത്രയും തിരക്കു പിടിച്ച തേനീച്ചകൾ പോലും അപഥസഞ്ചാരത്തിൽ അകപ്പെട്ട് തലകൾ തമ്മിൽ മുട്ടി മുറിവേറ്റു വഴിയിൽ കിടക്കുന്നതും കണ്ടിട്ടില്ല. എന്നാൽ നമ്മൾ മരണത്തെ പലവിധ വ്യാഖ്യാനങ്ങളിൽ പെടുത്തി സൗകര്യം പോലെ പുനരുപയോഗത്തിനായി കരുതിവയ്ക്കുന്നു.
മണ്ണിൻ്റെ തുറന്നിട്ട മനസ്സാണ് ആകാശം. അതിരുകൾ കടന്നുപോകാൻ ഒരു മേഘവും ഐഡൻ്റിറ്റി കാർഡ് കാണിക്കാറില്ല. പക്ഷേ നമ്മൾക്ക് നമ്മെ അകത്തിലും പുറത്തിലും തരിമ്പും വിശ്വാസമില്ലാതെയായി പോകുന്നു. ശരീരത്തിൻ്റെ മൂലകളെ, മടക്കുകളെ എപ്പോഴും നമ്മൾ സ്കാനിംഗിനു വിധേയമാക്കുന്നു. ശാസ്ത്രീയമായ ആ അഗ്നിപ്രവേശത്തിൽ ആത്മാവ് അഥവാ മനസ്സ് സീതാഹൃദയം പോലെ വ്യഥിതമാവുന്നു.
സാങ്കേതികത, വെറും യന്ത്രമുരൾച്ചയായി നമ്മുടെ സ്വകാര്യസുരഭിലതകളെ ആഗോളവ്യാപകമായി തുറന്നിടുന്നു. ഞാനറിഞ്ഞ കൗമാരങ്ങളിൽ ഞങ്ങളുടെ തലച്ചോറിൻ്റെ പകർപ്പവകാശവും വിയർപ്പവകാശവും ഏറെക്കുറെ ഞങ്ങളിൽത്തന്നെയായിരുന്നു..
'വിയർപ്പിൽ വിളവെടുക്കുന്നവരെ' അകലത്തുനിന്നു തന്നെ തിരിച്ചറിയുവാൻ ഏതു കണ്ണടയെയാണ് നമ്മൾ മൂക്കിൻ്റെ പാലത്തിൽ കുത്തിനിർത്തുക?
Friday, March 2, 2018
എല്ലാ ഊർജ്ജവും നമ്മൾ പലപ്പോഴും നേടുന്നത് നമ്മെ ഏറെ മുറിവേൽപ്പിരുന്ന തോൽവികളിൽ നിന്നാവും. അപൂർവ്വം ചിലർ മാത്രമാണ് അത്തരം നെല്ലിക്കാക്കടുപ്പമില്ലാതെ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടാവുക. അത്തരം വിജയം അറിഞ്ഞവരിൽ പലരും അഹന്തയുടെ കരിന്തോടിനുള്ളിൽ ആവും. അവരുടെ ഗിരിപ്രഭാഷണങ്ങൾ നടത്തുക. അധികമാരുടേയും മനസ്സിൽ അവ തൊടാറുമില്ല. നോവറിഞ്ഞുവളരാൻ കഴിയുനത് ചിലപ്പോൾ ഒരു ഭാഗ്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ലോകത്തിലെ മനോഹരമായ ഇടങ്ങളിലേയ്ക്കുള്ള പല വഴികളും അത്യധികം ദുർഘടവുമാണല്ലോ! ഏറ്റവും മനോഹരവും മണവുമുള്ള പൂക്കൾക്കെല്ലാം മുള്ളുകൾ സഹജമാണ്. വിലപ്പെട്ട വിജയങ്ങൾ എല്ലാവർക്കും സ്വന്തമാകാത്തതും അതുകൊണ്ടുതന്നെ.
ഒരു മരം മണ്ണിനടിയിൽ എങ്ങനെയെല്ലാം കഷ്ടതയനുഭവിക്കുന്നുവെന്നോ, എന്തെല്ലാം തരം അപമാനങ്ങൾക്ക് ഇരയാവുന്നുവെന്നോ നമ്മളാരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? പൂക്കളെക്കുറിച്ചു മാത്രമാണ് എപ്പോഴും നമ്മുടെയെല്ലാം ചിന്ത. വേരുകൾ വേച്ചു വേച്ചു നടന്ന ദൂരവും കുടിച്ചിറക്കിയ വരൾച്ചയും കൂടെ കാണാൻ കഴിഞ്ഞാലേ നമ്മുടെ കാഴ്ചകൾ- കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയുള്ളൂ.
വിമർശനങ്ങളെ വളമായി പരിവർത്തിപ്പിക്കുവാൻ ഉള്ള സാങ്കേതികത നമ്മിൽ 'ഇൻബിൽറ്റ്' ആണ്. അതറിയാത്തതിനാലാണ് നമ്മൾ പലപ്പോഴും മോഹാലസ്യപ്പെട്ടുപോകുന്നത്. സർഗ്ഗാത്മകമായ വിമർശകർ നമ്മുടെ എക്കാലത്തേയും വിലപ്പെട്ട സൗഹൃദങ്ങളാവാനും സാധ്യത ഏറെയുണ്ട്.
വിമർശനങ്ങളെ വളമായി പരിവർത്തിപ്പിക്കുവാൻ ഉള്ള സാങ്കേതികത നമ്മിൽ 'ഇൻബിൽറ്റ്' ആണ്. അതറിയാത്തതിനാലാണ് നമ്മൾ പലപ്പോഴും മോഹാലസ്യപ്പെട്ടുപോകുന്നത്. സർഗ്ഗാത്മകമായ വിമർശകർ നമ്മുടെ എക്കാലത്തേയും വിലപ്പെട്ട സൗഹൃദങ്ങളാവാനും സാധ്യത ഏറെയുണ്ട്.
മാമരങ്ങളല്ല,. പുൽക്കൊടികളാണ് കൊടുങ്കാറ്റുകളെ മുറിപ്പെടുത്തിക്കൊണ്ട് തലയെടുപ്പോടെ ഈ ഭൂമിയിൽ നിലനിന്നിട്ടുള്ളത്. അതോർക്കുമ്പോൾത്തന്നെ നമ്മുടെ നിസ്സാരതയിൽ നമുക്ക് അഭിമാനവും ആത്മവിശ്വാസവും തോന്നിത്തുടങ്ങും.
Wednesday, January 3, 2018
ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച് കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കുകൂടെ ഭാഗ്യം കൈവന്നുവെന്നും വരാം. 'വിശ്വ പ്രേമ'മെന്ന മഹത്തായ സങ്കല്പമൊക്കെ അങ്ങനെയുണ്ടാവുന്നതാവാം. സ്നേഹാതിരേകത്തിന്റെ മൂർദ്ധന്യതയിൽ 'ഞാൻ- നീ' ഭേദബോധം പോലും പാടെ മറന്നേയ്ക്കാം.
എന്നാൽ സ്നേഹത്തിന്റെ ഈ 'ബാർട്ടർ' സമ്പ്രദായത്തിനിടയിൽ അറിയാതെ സംഭവിച്ചുപോകുന്ന ചില അപകടങ്ങൾ കൂടെയുണ്ട്. അത് ബുദ്ധിയുടെ ആലസ്യാവസ്ഥയാണ്. ആഴമുള്ള നദികൾക്കടിയിൽ കാണുന്ന ഇരുണ്ട ഗുഹകളിൽ കാലങ്ങളായി വസിച്ച് ക്രമേണ കാഴ്ചശക്തി നഷ്ടപ്പെട്ടുപോയതായി ഈ അടുത്ത കാലത്ത് കണ്ടെത്തിയ മീനുകളെപ്പോലെ ചില ജീവിതങ്ങൾക്ക് തലച്ചോർ വെറുമൊരു പാഴ്വസ്തുവായി ക്രമേണ മൃതമാവുന്നു. മാന്ത്രികനായ ഒരു കുഴലൂത്തുകാരന് അങ്ങനെയുള്ള ഒരാട്ടിൻ കൂട്ടത്തെ എങ്ങോട്ടു വേണമെങ്കിലും മാറ്റിക്കെട്ടുകയോ വേണമെങ്കിൽ അനായാസമായി കശാപ്പ് ചെയ്യുകയോ ആവാം.
ആ ദൈവിക പുരുഷൻ മായികവും അമാനുഷികവുമായ ഒരു ലോകത്തിന്റെ അഭ്രപാളികളിൽ നിന്നാണ് വരുന്നതെങ്കിൽ
സംഗതി പറയാനുമില്ല. അത്തരം മേഖലകളിലെ ചില രജതതാരകങ്ങൾ കാലം തങ്ങൾക്ക് വരുത്തിയ ഭൗതികമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോലും തയ്യാറുമല്ല. ഇത്തരം
'മാസ്സ് മാസ്‌മറൈസേഷനുകൾ ' ചിലപ്പോൾ നമ്മെ താങ്ങാനാവാത്ത അപകടങ്ങളിലേയ്ക്കും വഴി നടത്തിയേക്കാം.
ആ ദൈവിക പുരുഷൻ മായികവും അമാനുഷികവുമായ ഒരു ലോകത്തിന്റെ അഭ്രപാളികളിൽ നിന്നാണ് വരുന്നതെങ്കിൽ
സംഗതി പറയാനുമില്ല. അത്തരം മേഖലകളിലെ ചില രജതതാരകങ്ങൾ കാലം തങ്ങൾക്ക് വരുത്തിയ ഭൗതികമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോലും തയ്യാറുമല്ല. ഇത്തരം
'മാസ്സ് മാസ്‌മറൈസേഷനുകൾ ' ചിലപ്പോൾ നമ്മെ താങ്ങാനാവാത്ത അപകടങ്ങളിലേയ്ക്കും വഴി നടത്തിയേക്കാം.
ഓരോ ജീവിക്കും അതാത് പരിസരങ്ങളുമായി ആരോഗ്യകരമായി ഇടപെടുവാനുള്ള ബുദ്ധിയും കർമ്മശേഷിയും ഈ പ്രകൃതി തന്നെ കനിഞ്ഞു നൽകിയിട്ടുണ്ട്. അത് വിവേകപൂർവ്വം സഹജീവികൾക്ക് കൂടി ഉതകും വണ്ണം സാർത്ഥകമായി ഉപയോഗിക്കുവാൻ കൂടിയുള്ളതാണ്. അന്ധമായ ആരാധന, വ്യക്തിത്യമില്ലാത്ത ആട്ടിൻപറ്റത്തെയെന്നപോലെ, ഒരു സമൂഹത്തെ വൈചിത്ര്യങ്ങൾക്ക് പുറകെ അടിമകളായി ആനയിക്കപ്പെടരുത്.
പച്ചപ്പിന്റെ ഒറ്റത്തുരുത്തായി പുൽത്തലപ്പുകളെപ്പോലെ കൊടുങ്കാറ്റുകളെ മുറിപ്പെടുത്തി നിൽക്കുക..
Subscribe to:
Posts (Atom)
സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...
-
ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച് കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃത...
-
വേട്ടയാടപ്പെടുമ്പോൾ മാത്രം ഇരയുടെ കുലമോ, ജാതിയോ പാരമ്പര്യമോ ഒന്നും തന്നെ അത്ര കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇളകിയാടുന്ന കൂട്ടത്തിനു മു...



