ആത്മാർപ്പണം ആവശ്യപ്പെടുന്നത്, രക്തസാക്ഷിത്വമല്ല. അത് ആദർശത്തിൻ്റെ വീണ്ടെടുപ്പുമല്ല. അവിടെ ഹൃദയത്തിനൊപ്പം തലച്ചോറും ഉറക്കമിളച്ചിരുന്ന് വരുംകാലത്തിനായി നെയ്ത്തുകൾ നിർവഹിക്കുന്നു. ആസുരകാലത്തിലെങ്കിൽ, ആ നെയ്തെടുക്കലിൻ്റെ ഊടും പാവും ചിലന്തിവലകളെപ്പോലെ കൗശലത്തിൻ്റെ വലക്കണ്ണികൾ ആവുന്നു. എന്നാൽ ഇതൊന്നുമില്ലാതെ കേവലമായ മനുഷ്യത്വത്തിൻ്റെ പേരിൽ 'ജീവിക്കുന്ന രക്തസാക്ഷിത്വ'മാകുവാനും ഒരു രാജ്യസ്നേഹിക്ക്/ മനുഷ്യസ്നേഹിക്ക് കഴിയും. അതിനുള്ള പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് നല്ല അയൽക്കാരനിലൂടെയാണ്.
എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെയെല്ലാം തൊട്ടടുപ്പങ്ങൾ നിരന്തരം ഭീതിദമായി നിരീക്ഷിക്കപ്പെടേണ്ട ആയുധപ്പുരകളായി കാലാന്തരത്തിൽ പരിണമിച്ചു കൊണ്ടിരിക്കുന്നു. 'അന്യൻ' എന്നും അനന്യനായിത്തന്നെ അപരിചിതത്വത്തിൻ്റെ മുഖാവരണവുമായി മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നു. സ്വപ്നങ്ങളൊന്നും തന്നെ കൂട്ടായി കാണുവാനുള്ള വിശാലസഖ്യം ഏറെക്കുറെ മറഞ്ഞുപോയിരിക്കുന്നു.
ഒരാളുടെ തലയെടുപ്പിനേയും നെഞ്ചുതള്ളലിനേയും ആനയിക്കുന്ന ആധ്യാത്മികത/ ആദർശാത്മകത കവലകളിൽ വച്ചു കണ്ടുമുട്ടിയാൽ കൈകൊടുക്കുന്നുമില്ല. നമ്മൾ അപരനിൽ ആദ്യം തിരക്കുന്നത് അടയാളങ്ങളാണ്. അടയാളങ്ങൾ ശേഷിപ്പിക്കാത്തവർ ഒരു ഗണങ്ങളിലും കൂട്ടുചേർക്കപ്പെടുന്നുമില്ല. അടുപ്പം പ്രകടമാകുന്നത് അരങ്ങുകളിൽ മാത്രമാണു താനും.
പ്രതീകങ്ങൾ വക്രീകരിക്കപ്പെടുകയും പ്രത്യയശാസ്ത്രങ്ങൾ പണ്ടത്തെപ്പോലെത്തന്നെ പല്ലും നഖവുമായി വെളിച്ചത്തിലേയ്ക്ക് വെളിച്ചപ്പാടായി വരുന്ന ഒരുകാലത്ത് കൗമാരം പലപ്പോഴും ബലിക്കല്ലുകളുടെ ആകൃതിയിൽ ചുരുണ്ടുകൂടുന്നു. എങ്കിലും മാമരങ്ങൾക്കിടയിൽ കൊടുങ്കാറ്റിൻ്റെ നെഞ്ചകങ്ങളെ കീറിമുറിച്ച് അങ്ങിങ്ങായി നിലകൊള്ളുന്ന ചില പുൽ'ക്കൊടി'കളെയെങ്കിലും കാണുന്നുണ്ട്. അവരിലേയ്ക്ക് പ്രതീക്ഷയുടെ കണ്മുനയും നീട്ടിവച്ച് കരുത്താർജ്ജിക്കുകയാണ് ഞങ്ങൾ...
