Followers

Sunday, March 25, 2018

തലച്ചോറ് എന്നത് സ്വതന്ത്രഭരണസംവിധാനമുള്ള ഒരു പ്രവിശ്യയാണ്. അത് വഴിയിൽ കാണുന്നവരുടെയെല്ലാം മുന്നിൽ അടിയറവ് വയ്ക്കാനുള്ള പണയപ്പണ്ടമല്ല. ആലോചനയാണ് അതിൻ്റെ ഭരണഘടന. അവിടെ ആവേശം എന്നത് വല്ലപ്പോഴും വന്നുപോകേണ്ടുന്ന അതിഥി മാത്രമാണ്. ഒഴുക്കിനൊപ്പം നീന്തിപ്പോവുകയെന്നത് ആവർത്തിത സ്വഭാവമുള്ള ശീലക്കൈമാറ്റമാണ്.
യൗവനത്തിൻ്റെ വസന്തശോഭ നമ്മൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലുമൊക്കെ ദാനമായി നൽകിയിട്ട് അവരുടെ വാർദ്ധകം ആപാദചൂഢം ചൂടി കാലക്ഷേപം ചെയ്യുന്നു. വഴിയിൽ പൊലിഞ്ഞാലും അഥവാ പൂവിട്ടാലും ആർക്കെന്തു ചേതം?
പൂവുകളൂടെ മണങ്ങൾ തമ്മിലോ പൂമ്പൊടികൾ തമ്മിലോ ഏറ്റുമുട്ടി വഴിയിലൊരിടത്തും പരിക്കേറ്റു കിടക്കുന്നത് നമ്മൾ കണ്ടിട്ടില്ല. അത്രയും തിരക്കു പിടിച്ച തേനീച്ചകൾ പോലും അപഥസഞ്ചാരത്തിൽ അകപ്പെട്ട് തലകൾ തമ്മിൽ മുട്ടി മുറിവേറ്റു വഴിയിൽ കിടക്കുന്നതും കണ്ടിട്ടില്ല. എന്നാൽ നമ്മൾ മരണത്തെ പലവിധ വ്യാഖ്യാനങ്ങളിൽ പെടുത്തി സൗകര്യം പോലെ പുനരുപയോഗത്തിനായി കരുതിവയ്ക്കുന്നു.
മണ്ണിൻ്റെ തുറന്നിട്ട മനസ്സാണ് ആകാശം. അതിരുകൾ കടന്നുപോകാൻ ഒരു മേഘവും ഐഡൻ്റിറ്റി കാർഡ് കാണിക്കാറില്ല. പക്ഷേ നമ്മൾക്ക് നമ്മെ അകത്തിലും പുറത്തിലും തരിമ്പും വിശ്വാസമില്ലാതെയായി പോകുന്നു. ശരീരത്തിൻ്റെ മൂലകളെ, മടക്കുകളെ എപ്പോഴും നമ്മൾ സ്കാനിംഗിനു വിധേയമാക്കുന്നു. ശാസ്ത്രീയമായ ആ അഗ്നിപ്രവേശത്തിൽ ആത്മാവ് അഥവാ മനസ്സ് സീതാഹൃദയം പോലെ വ്യഥിതമാവുന്നു.
സാങ്കേതികത, വെറും യന്ത്രമുരൾച്ചയായി നമ്മുടെ സ്വകാര്യസുരഭിലതകളെ ആഗോളവ്യാപകമായി തുറന്നിടുന്നു. ഞാനറിഞ്ഞ കൗമാരങ്ങളിൽ ഞങ്ങളുടെ തലച്ചോറിൻ്റെ പകർപ്പവകാശവും വിയർപ്പവകാശവും ഏറെക്കുറെ ഞങ്ങളിൽത്തന്നെയായിരുന്നു..
'വിയർപ്പിൽ വിളവെടുക്കുന്നവരെ' അകലത്തുനിന്നു തന്നെ തിരിച്ചറിയുവാൻ ഏതു കണ്ണടയെയാണ് നമ്മൾ മൂക്കിൻ്റെ പാലത്തിൽ കുത്തിനിർത്തുക?

No comments:

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...