Followers

Monday, July 24, 2017

വിയർപ്പുകൊണ്ട് തിളങ്ങേണ്ടവയാണ് മസിലുകൾ. എന്നാൽ വേദികളിൽ അല്പമാത്രമായ വസ്ത്രവിജ്രംഭണത്തിൽ മേലാസകലം തിളങ്ങുന്ന ഓയിൽ‌പ്പരപ്പിൽ പല പല ആംഗിളുകളിൽ നിന്നാണ് മസിലുകൾ ദിവ്യപ്രകാശവലയത്തിൽ തുടിക്കുന്നത്. വയലേലകളിലും വരണ്ടുണങ്ങിയ കുന്നിൽ ചരിവുകളിലുമാണ് സൂര്യൻ എന്ന യൂണിവേഴ്സൽ സ്പോട്ട് ലൈറ്റിന്റെ ചുവട്ടിൽ ഒരു പേശയുടെ മടക്കിക്കുത്തിനു കീഴിൽ പേശികൾ ഓളം വെട്ടിയിരുന്നത് ഏതാണ്ട് ഇന്നന്യമായി. പ്രോട്ടീൻ പൌഡർ അല്ല, നല്ല പതുപതുത്ത മണമുള്ള കുട്ടിക്യൂറ പൌഡർ ആയിരുന്നൂ, ആ മസിലുകൾ ചൂഴ്ന്നുനിന്ന മണം. ഹോർമോണത്തരങ്ങളുടെ അകമ്പടിയും ആ കറുമ്പൻ കരുത്തുകൾക്ക് കൂട്ടുമില്ലായിരുന്നു. ഇന്നിപ്പോൾ തിളങ്ങുന്ന മസിൽ ശീലുകൾക്കെല്ലാം തൂവെള്ളനിറമാണ്. കണ്ണാടിക്കുമുന്നിൽ ആത്മരതിയുടെ കുത്തിയിരുപ്പുകളായും ആത്മവിശ്വാസത്തിന്റെ നെടുംതൂണുകളായും ആ ഇറച്ചിത്തൂക്കങ്ങളെ നമ്മൾ രേഖപ്പെടുത്തുന്നു. സിക്സ് പായ്ക്കിനൊപ്പം തമ്പായ്ക്കും മുഴച്ചുനിൽക്കുന്ന ആധുനികോത്തര യൌവനം. ആർക്കും ആരേയും ശ്രദ്ധിക്കാനോ 
സന്നിഗ്ദ്ധഘട്ടങ്ങളിൽ സമൂഹമധ്യത്തിൽ സജീവസാന്നിധ്യമാവാനോ ഈ യുവികൾക്ക് സമയമില്ല. കാലം തികയാതെ പുഴുക്കുത്തുകൾ ഈ കരുത്തിന്റെ പൂങ്കുലകളിൽ വീഴാൻ ഇട വരാതിരിക്കട്ടെ. അകത്തൂക്കങ്ങളിൽ ആർക്കും വേണ്ടത്ര താത്പര്യമില്ല.. ഉള്ളുടയാതിരിക്കട്ടെ, സ്വാമി വിവേകാനന്ദൻ വാനോളം പുകഴ്ത്തിയ ഭാരതയൌവനത്തിന്റെ ഉരുക്കിൻ കരുത്തുകൾ. കണ്മുന്നിൽ നീണ്ടുകിടക്കുന്ന ഊഷരഭൂമികൾ നമുക്ക് പാട്ടത്തിനെടുക്കാം. അതിൽ ജനിതകഭ്രംശം വരാത്ത വിയർപ്പിന്റെ വിത്തുകൾ ശാസ്ത്രീയമായിത്തന്നെ വിതയ്ച്ചിടാം. നോക്കിയിരിക്കെ സൂര്യനേത്രങ്ങളുടെ കണ്ണുകടി ( സൺ ബേൺ) യെ തോൽ‌പ്പിച്ചുകൊണ്ട് മണ്ണിലും മാംസത്തിലും വിയർപ്പിന്റെ- ഉയിർപ്പിന്റെ നൂറുമേനി വിളയുന്ന കൌതുകക്കാഴ്ച കാണാം, മൾട്ടി ജിമ്മുകളിൽ നിന്നും മഡ്ഡി (മണ്ണ്) ജിമ്മുകളിലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വഴി നടത്താം. സമൂഹത്തിൽ നിന്നും അകന്നതല്ല, സമൂഹത്തിലലിഞ്ഞുചേർന്ന ഒരു പുതുകൌമാരത്തിന്റെ പൂച്ചെടികൾ നമ്മുടെ കണ്മുന്നിൽ സമ്യദ്ധമായി ഇനിയെങ്കിലും വളരട്ടെ...

No comments:

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...