Followers

Thursday, May 31, 2018

വേട്ടയാടപ്പെടുമ്പോൾ മാത്രം ഇരയുടെ കുലമോ, ജാതിയോ പാരമ്പര്യമോ ഒന്നും തന്നെ അത്ര കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇളകിയാടുന്ന കൂട്ടത്തിനു മുന്നിൽ കണ്ണീരിനോ, കരളലിവിനോ ഒന്നും തന്നെ പ്രസക്തിയുമില്ല. മുന്നിൽക്കിട്ടിയവൻ്റെ മരണത്തിടമ്പിൽ തൻ്റെ ക്രൗര്യത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോയെന്നു മാത്രമാണ് എല്ലാവരുടേയും ശ്രദ്ധ. 

ആക്രമണം, അഴിഞ്ഞാടലിൻ്റെ മഹോത്സവമാണ്. രക്തം ഉള്ളിലേയ്ക്ക് എടുക്കുമ്പോൾ മാത്രമാണ് അത് ബന്ധുത്വം ഉള്ളതാണോയെന്ന് നാമെല്ലാം ചിന്തിക്കുക. അതല്ലായെങ്കിൽ, അവൻ ഉള്ളിൽച്ചെന്ന് കലാപം അഴിച്ചുവിടുകയും ചിലപ്പോൾ മരണമുണ്ടാവുകയും ചെയ്യും. ആകയാൽ അവൻ ഏതു സംഘടനയിലാണ് അംഗമായിട്ടുള്ളതെന്ന് മെഡിക്കൽ സയൻസിനെ കൂട്ടുപിടിച്ച് നമ്മൾ സ്വയം ബോധ്യപ്പെടുത്തും.

എന്നാൽ രക്തം പുറത്തേയ്ക്ക് ചിന്തുന്ന കാര്യമെങ്കിൽ ഇപ്പറഞ്ഞ ഒന്നിൻ്റേയും കടമ്പകൾ ചാടിക്കടക്കേണ്ടതായിട്ടില്ല. മുന്നിൽ അകപ്പെട്ടുപോയവൻ്റെ മുന്നിൽ നമുക്കെല്ലാം ആയിരം ഫണമാണ്. നഖമാഴ്ത്തുമ്പോൾ, പുറത്തുകാണുന്നതിൻ്റെ പത്തിരട്ടിയും, പല്ലുകളാഴ്ത്തുമ്പോൾ, ആയിരം ഇരട്ടിയും പുറത്തേയ്ക്ക് ഇറങ്ങിവരും. ഒടുവിൽ മുന്നിൽക്കിടക്കുന്ന മാംസപിണ്ഡത്തിൻ്റെ ചലനം മെല്ലെ മെല്ലെ നിലയ്ക്കുമ്പോൾ, ശരീരത്തിലെ ഊഷ്മാവിൻ്റെ അവസാന കണികയും ബാഷ്പീകൃതമാവുമ്പോൾ, നമുക്ക് നമ്മെക്കുറിച്ച് അടക്കാനാവാത്ത ആത്മാഭിമാനം തോന്നും- ഇത്രയും ഊർജ്ജസ്വലനായ ഒരാൾ നമ്മുടെയെല്ലാം ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നുവല്ലോയെന്നതോർത്ത്! അധികാരത്തിൻ്റെ അകമ്പടി, ആ നരനായാട്ടിൻ്റെ ആഢ്യത്വവും ആസ്വാദനക്ഷമതയും ഇരട്ടിപ്പിക്കും.

ഭൂമിയുടെ നന്മകളെല്ലാം പൂത്തുലയുന്നത് മരത്തിലൂടെയെങ്കിൽ,
ആ നന്മകളെല്ലാം അകാലത്തിൽ മണ്ണിലേയ്ക്ക് അടക്കം ചെയ്യപ്പെടുന്നത്, നമ്മൾ മനുഷ്യരിലൂടെത്തന്നെ!

No comments:

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...