Followers

Thursday, May 31, 2018

വേട്ടയാടപ്പെടുമ്പോൾ മാത്രം ഇരയുടെ കുലമോ, ജാതിയോ പാരമ്പര്യമോ ഒന്നും തന്നെ അത്ര കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇളകിയാടുന്ന കൂട്ടത്തിനു മുന്നിൽ കണ്ണീരിനോ, കരളലിവിനോ ഒന്നും തന്നെ പ്രസക്തിയുമില്ല. മുന്നിൽക്കിട്ടിയവൻ്റെ മരണത്തിടമ്പിൽ തൻ്റെ ക്രൗര്യത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോയെന്നു മാത്രമാണ് എല്ലാവരുടേയും ശ്രദ്ധ. 

ആക്രമണം, അഴിഞ്ഞാടലിൻ്റെ മഹോത്സവമാണ്. രക്തം ഉള്ളിലേയ്ക്ക് എടുക്കുമ്പോൾ മാത്രമാണ് അത് ബന്ധുത്വം ഉള്ളതാണോയെന്ന് നാമെല്ലാം ചിന്തിക്കുക. അതല്ലായെങ്കിൽ, അവൻ ഉള്ളിൽച്ചെന്ന് കലാപം അഴിച്ചുവിടുകയും ചിലപ്പോൾ മരണമുണ്ടാവുകയും ചെയ്യും. ആകയാൽ അവൻ ഏതു സംഘടനയിലാണ് അംഗമായിട്ടുള്ളതെന്ന് മെഡിക്കൽ സയൻസിനെ കൂട്ടുപിടിച്ച് നമ്മൾ സ്വയം ബോധ്യപ്പെടുത്തും.

എന്നാൽ രക്തം പുറത്തേയ്ക്ക് ചിന്തുന്ന കാര്യമെങ്കിൽ ഇപ്പറഞ്ഞ ഒന്നിൻ്റേയും കടമ്പകൾ ചാടിക്കടക്കേണ്ടതായിട്ടില്ല. മുന്നിൽ അകപ്പെട്ടുപോയവൻ്റെ മുന്നിൽ നമുക്കെല്ലാം ആയിരം ഫണമാണ്. നഖമാഴ്ത്തുമ്പോൾ, പുറത്തുകാണുന്നതിൻ്റെ പത്തിരട്ടിയും, പല്ലുകളാഴ്ത്തുമ്പോൾ, ആയിരം ഇരട്ടിയും പുറത്തേയ്ക്ക് ഇറങ്ങിവരും. ഒടുവിൽ മുന്നിൽക്കിടക്കുന്ന മാംസപിണ്ഡത്തിൻ്റെ ചലനം മെല്ലെ മെല്ലെ നിലയ്ക്കുമ്പോൾ, ശരീരത്തിലെ ഊഷ്മാവിൻ്റെ അവസാന കണികയും ബാഷ്പീകൃതമാവുമ്പോൾ, നമുക്ക് നമ്മെക്കുറിച്ച് അടക്കാനാവാത്ത ആത്മാഭിമാനം തോന്നും- ഇത്രയും ഊർജ്ജസ്വലനായ ഒരാൾ നമ്മുടെയെല്ലാം ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ടായിരുന്നുവല്ലോയെന്നതോർത്ത്! അധികാരത്തിൻ്റെ അകമ്പടി, ആ നരനായാട്ടിൻ്റെ ആഢ്യത്വവും ആസ്വാദനക്ഷമതയും ഇരട്ടിപ്പിക്കും.

ഭൂമിയുടെ നന്മകളെല്ലാം പൂത്തുലയുന്നത് മരത്തിലൂടെയെങ്കിൽ,
ആ നന്മകളെല്ലാം അകാലത്തിൽ മണ്ണിലേയ്ക്ക് അടക്കം ചെയ്യപ്പെടുന്നത്, നമ്മൾ മനുഷ്യരിലൂടെത്തന്നെ!

വാർത്തകൾ ഒന്നുകിൽ അതിരാവിലെ നമ്മെ പുളകം കൊള്ളിക്കുന്നു. അതല്ലായെങ്കിൽ അപകർഷതയാൽ അന്തർമുഖനാക്കുന്നു. ഇതു രണ്ടുമല്ലായെങ്കിൽ, ചില അധമവിഗ്രഹങ്ങളെ തരംതാഴ്ത്തിക്കാണിക്കുന്നതിനുപകരം 916 സ്വർണ്ണത്തിൻ്റെ നാലഞ്ചു ലയർ പുട്ടിയടിച്ച് തിരുസ്വരൂപനാക്കുന്നു. നമ്മൾക്കറിയാം, അവറ്റകളുടെ 'ഉള്ളും തള്ളും' വെറും പൊള്ളയും കള്ളവുമാണെന്ന്! 

പുലർകാലത്തെ ഓരോ പത്രപാരായണവും പലപ്പോഴും നമ്മെ വാർത്തകളുടെ വസ്തുനിഷ്ഠമായ അവലോകനങ്ങൾക്കു പകരം, ആത്മനിന്ദയുടെ കള്ളിമുൾമുനകളിൽ കൊണ്ടുനിർത്തുകയാണ് ചെയ്യുന്നത്. വലിയ താരത്തിളക്കമൊന്നുമില്ലാതെ, ഋജുവായ രീതിയിൽ മാധ്യമധർമ്മം നിർവഹിക്കുന്ന എണ്ണത്തിൽ കുറഞ്ഞ സന്മനസ്സുകളേയും നമുക്ക് ഓർത്തുവയ്ക്കാം...

പത്രപ്രവർത്തനത്തിൻ്റെ എക്കാലത്തേയും പരമാധികാരിയായ സാക്ഷാൽ സ്വദേശാഭിമാനി ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, ആ കൈകളിലെ തൂലിക ശരിക്കുമങ്ങ് പടവാളാക്കിയേനേ!

വാക്കിൻ്റെ വില ഉള്ളിൽ വച്ചുതന്നെ അഴുകിത്തുടങ്ങിയ ഒരു സംവേദനകാലത്ത് മന:സാക്ഷിയെന്നത് മരവിച്ച വെറും സാക്ഷിയായിപ്പോകുന്നു. ആപത്ബാന്ധവന്മാർപോലും അധികാരത്തിൻ്റെയും അനുനയത്തിൻ്റെയും അന്തർനാടകങ്ങളിൽ നായകനായും വില്ലനായും ഒരേ സമയം വേഷം കെട്ടുമ്പോൾ നമ്മൾ (കഴു)ക്കാണികൾ ആരുടെ പക്ഷം ചേരും എന്നറിയാതെ പകച്ചൊടുങ്ങിത്തീരുന്നു. ഞെട്ടലുകളും ഞരക്കങ്ങളും ഒന്നിനും ഒരു കുറവ് വരാത്ത വണ്ണം അലമാരയിൽ ഭദ്രമായി അടുക്കിവച്ചിട്ടുണ്ട്. യഥാസമയം അവ എടുത്തണിയുകയേ വേണ്ടൂ. പുറം കാഴ്ചയിൽ എല്ലാം മനുഷ്യരൂപികൾ തന്നെ. പക്ഷേ സൂക്ഷ്മദർശനീയത്തിൽ അവയെല്ലാം അമീബകളെപ്പോലെ നിയതരൂപമില്ലാതെ ചുറ്റുമുള്ളതിനെയൊക്കെ വേട്ടയാടിപ്പിടിക്കുന്നു. അക്ഷരജ്ഞാനം അറിവിൻ്റെയും അനുകമ്പയുടേയും അളവുകോലായിരുന്ന ഒരു കാലം കണ്ണിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു. ദുരയും ദുരന്തവുമാണ് നമ്മുടെ ബ്രാൻഡ് അംബാസഡർമാർ. ആർ ആരെയാണ് തൊലിപ്പുറം നോക്കാതെയൊന്ന് ചേർത്തു പിടിക്കുക?

Wednesday, April 4, 2018

അറിയുന്ന പ്രകൃതി അനുനിമിഷം കൈവെള്ളയിൽ നിന്ന് ഇറങ്ങിപ്പോവുകയും പകരം നാനോ ടെക്നോളജിയുടെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാവുന്ന മറ്റൊരു പ്രകൃതി അടുത്തെത്തുന്നതിൻ്റെ ചൂര് നന്നായി അനുഭവപ്പെടുന്നുണ്ട്.
അതിൽ ജൈവികത വ്യാഖ്യാനിക്കപ്പെടുന്നത്, മറ്റൊരു ഭാഷയിലും പ്രയോഗത്തിലുമാവും. പ്രകൃതിസ്വരൂപത്തെ വ്യാഖ്യാനിക്കുവാനും തർജ്ജുമ ചെയ്യുവാനുമുള്ള അധികാരവും അക്ഷരജ്ഞാനവും എണ്ണപ്പെട്ട അംഗങ്ങളുടെ പരമാധികാരത്തിലുമാവും. നദീസ്പർശവും ഹരിത ദർശനസുഖവുമെല്ലാം ടോക്കണുകളാൽ നിയന്ത്രിക്കപ്പെടും. ഒരുപക്ഷേ മരങ്ങളുടെ ജനുസ്സിലും അടിമുടി മാറ്റങ്ങൾ വന്നേയ്ക്കാം. ജനിതകമാറ്റം വരുത്തിയ ചെടികളും മരങ്ങളുമെല്ലാം ഒരു സ്വിച്ചിട്ടാൽ പൂക്കുവാൻ പാകത്തിൽ അന്ന് സജ്ജമായിരിക്കും. മൃഗങ്ങൾ ഇണചേരുന്നതും, തമ്മിൽക്കടിച്ചുകീറുന്നതുമെല്ലാം കാണികളുടെ താത്പര്യാനുസരണം നിയന്ത്രിക്കുവാനും കഴിയും. അന്ന് ആദ്യമായി ആഹാരത്തിനല്ലാതെ മൃഗങ്ങൾ പരസ്പരം വേട്ടയാടപ്പെടും. ആവശ്യം കഴിഞ്ഞ ജീവികളെ ഒരു റിമോട്ട് മുഖാന്തിരം ഒരു നിമിഷം കൊണ്ട് പഞ്ചഭൂതത്താന്മാരായി ആവിയാക്കുവാനും അന്നു കഴിയും.
ഒരു കുടുംബത്തിലെ തന്നെ ആളുകൾ തമ്മിൽ തിരിച്ചറിയുവാനായി വിരൽ അടയാളമോ, കണ്ണിലെ കൃഷ്ണമണി സ്കാനിംഗോ ഒക്കെ വേണ്ടിവന്നേയ്ക്കും. കണ്ണീര്, കുഞ്ഞുകുഞ്ഞു സെൻ്റ് (ൻ്റി) കുപ്പികളിൽ മാത്രം പ്രത്യേക സംവിധാനം വഴി കിട്ടുന്ന വിലപ്പെട്ട ഉൽപ്പന്നമാവും. ഏറ്റവും വില കുറഞ്ഞ വസ്തു അന്ന് ചുടുരക്തം തന്നെയാവും. രക്തത്താൽ പ്രവർത്തിക്കപ്പെടുന്നവയെല്ലാം ജനറേഷൻ്റെ ഏറ്റവും പഴയ ശ്രേണിയിൽ എടുത്തെറിയപ്പെടും..
നവശരീരങ്ങൾ രക്തസാന്നിധ്യമില്ലാതെ തന്നെ പ്രവർത്തിക്കപ്പെടുന്ന യന്ത്രസമുച്ചയങ്ങളാവും. അന്ന്
അന്ന് ഈ വിശ്വപ്രകൃതി അമ്മയായി വാഴ്ത്തപ്പെടില്ലായെന്ന കാര്യത്തിൽ തെല്ലും ശങ്ക വേണ്ടതന്നെ!

Sunday, March 25, 2018

തലച്ചോറ് എന്നത് സ്വതന്ത്രഭരണസംവിധാനമുള്ള ഒരു പ്രവിശ്യയാണ്. അത് വഴിയിൽ കാണുന്നവരുടെയെല്ലാം മുന്നിൽ അടിയറവ് വയ്ക്കാനുള്ള പണയപ്പണ്ടമല്ല. ആലോചനയാണ് അതിൻ്റെ ഭരണഘടന. അവിടെ ആവേശം എന്നത് വല്ലപ്പോഴും വന്നുപോകേണ്ടുന്ന അതിഥി മാത്രമാണ്. ഒഴുക്കിനൊപ്പം നീന്തിപ്പോവുകയെന്നത് ആവർത്തിത സ്വഭാവമുള്ള ശീലക്കൈമാറ്റമാണ്.
യൗവനത്തിൻ്റെ വസന്തശോഭ നമ്മൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലുമൊക്കെ ദാനമായി നൽകിയിട്ട് അവരുടെ വാർദ്ധകം ആപാദചൂഢം ചൂടി കാലക്ഷേപം ചെയ്യുന്നു. വഴിയിൽ പൊലിഞ്ഞാലും അഥവാ പൂവിട്ടാലും ആർക്കെന്തു ചേതം?
പൂവുകളൂടെ മണങ്ങൾ തമ്മിലോ പൂമ്പൊടികൾ തമ്മിലോ ഏറ്റുമുട്ടി വഴിയിലൊരിടത്തും പരിക്കേറ്റു കിടക്കുന്നത് നമ്മൾ കണ്ടിട്ടില്ല. അത്രയും തിരക്കു പിടിച്ച തേനീച്ചകൾ പോലും അപഥസഞ്ചാരത്തിൽ അകപ്പെട്ട് തലകൾ തമ്മിൽ മുട്ടി മുറിവേറ്റു വഴിയിൽ കിടക്കുന്നതും കണ്ടിട്ടില്ല. എന്നാൽ നമ്മൾ മരണത്തെ പലവിധ വ്യാഖ്യാനങ്ങളിൽ പെടുത്തി സൗകര്യം പോലെ പുനരുപയോഗത്തിനായി കരുതിവയ്ക്കുന്നു.
മണ്ണിൻ്റെ തുറന്നിട്ട മനസ്സാണ് ആകാശം. അതിരുകൾ കടന്നുപോകാൻ ഒരു മേഘവും ഐഡൻ്റിറ്റി കാർഡ് കാണിക്കാറില്ല. പക്ഷേ നമ്മൾക്ക് നമ്മെ അകത്തിലും പുറത്തിലും തരിമ്പും വിശ്വാസമില്ലാതെയായി പോകുന്നു. ശരീരത്തിൻ്റെ മൂലകളെ, മടക്കുകളെ എപ്പോഴും നമ്മൾ സ്കാനിംഗിനു വിധേയമാക്കുന്നു. ശാസ്ത്രീയമായ ആ അഗ്നിപ്രവേശത്തിൽ ആത്മാവ് അഥവാ മനസ്സ് സീതാഹൃദയം പോലെ വ്യഥിതമാവുന്നു.
സാങ്കേതികത, വെറും യന്ത്രമുരൾച്ചയായി നമ്മുടെ സ്വകാര്യസുരഭിലതകളെ ആഗോളവ്യാപകമായി തുറന്നിടുന്നു. ഞാനറിഞ്ഞ കൗമാരങ്ങളിൽ ഞങ്ങളുടെ തലച്ചോറിൻ്റെ പകർപ്പവകാശവും വിയർപ്പവകാശവും ഏറെക്കുറെ ഞങ്ങളിൽത്തന്നെയായിരുന്നു..
'വിയർപ്പിൽ വിളവെടുക്കുന്നവരെ' അകലത്തുനിന്നു തന്നെ തിരിച്ചറിയുവാൻ ഏതു കണ്ണടയെയാണ് നമ്മൾ മൂക്കിൻ്റെ പാലത്തിൽ കുത്തിനിർത്തുക?

Friday, March 2, 2018

എല്ലാ ഊർജ്ജവും നമ്മൾ പലപ്പോഴും നേടുന്നത് നമ്മെ ഏറെ മുറിവേൽപ്പിരുന്ന തോൽവികളിൽ നിന്നാവും. അപൂർവ്വം ചിലർ മാത്രമാണ് അത്തരം നെല്ലിക്കാക്കടുപ്പമില്ലാതെ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടാവുക. അത്തരം വിജയം അറിഞ്ഞവരിൽ പലരും അഹന്തയുടെ കരിന്തോടിനുള്ളിൽ ആവും. അവരുടെ ഗിരിപ്രഭാഷണങ്ങൾ നടത്തുക. അധികമാരുടേയും മനസ്സിൽ അവ തൊടാറുമില്ല. നോവറിഞ്ഞുവളരാൻ കഴിയുനത് ചിലപ്പോൾ ഒരു ഭാഗ്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ലോകത്തിലെ മനോഹരമായ ഇടങ്ങളിലേയ്ക്കുള്ള പല വഴികളും അത്യധികം ദുർഘടവുമാണല്ലോ! ഏറ്റവും മനോഹരവും മണവുമുള്ള പൂക്കൾക്കെല്ലാം മുള്ളുകൾ സഹജമാണ്. വിലപ്പെട്ട വിജയങ്ങൾ എല്ലാവർക്കും സ്വന്തമാകാത്തതും അതുകൊണ്ടുതന്നെ.
ഒരു മരം മണ്ണിനടിയിൽ എങ്ങനെയെല്ലാം കഷ്ടതയനുഭവിക്കുന്നുവെന്നോ, എന്തെല്ലാം തരം അപമാനങ്ങൾക്ക് ഇരയാവുന്നുവെന്നോ നമ്മളാരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? പൂക്കളെക്കുറിച്ചു മാത്രമാണ് എപ്പോഴും നമ്മുടെയെല്ലാം ചിന്ത. വേരുകൾ വേച്ചു വേച്ചു നടന്ന ദൂരവും കുടിച്ചിറക്കിയ വരൾച്ചയും കൂടെ കാണാൻ കഴിഞ്ഞാലേ നമ്മുടെ കാഴ്ചകൾ- കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയുള്ളൂ.
വിമർശനങ്ങളെ വളമായി പരിവർത്തിപ്പിക്കുവാൻ ഉള്ള സാങ്കേതികത നമ്മിൽ 'ഇൻബിൽറ്റ്' ആണ്. അതറിയാത്തതിനാലാണ് നമ്മൾ പലപ്പോഴും മോഹാലസ്യപ്പെട്ടുപോകുന്നത്. സർഗ്ഗാത്മകമായ വിമർശകർ നമ്മുടെ എക്കാലത്തേയും വിലപ്പെട്ട സൗഹൃദങ്ങളാവാനും സാധ്യത ഏറെയുണ്ട്.
മാമരങ്ങളല്ല,. പുൽക്കൊടികളാണ് കൊടുങ്കാറ്റുകളെ മുറിപ്പെടുത്തിക്കൊണ്ട് തലയെടുപ്പോടെ ഈ ഭൂമിയിൽ നിലനിന്നിട്ടുള്ളത്. അതോർക്കുമ്പോൾത്തന്നെ നമ്മുടെ നിസ്സാരതയിൽ നമുക്ക് അഭിമാനവും ആത്മവിശ്വാസവും തോന്നിത്തുടങ്ങും.

Wednesday, January 3, 2018

ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച്‌ കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കുകൂടെ ഭാഗ്യം കൈവന്നുവെന്നും വരാം. 'വിശ്വ പ്രേമ'മെന്ന മഹത്തായ സങ്കല്പമൊക്കെ അങ്ങനെയുണ്ടാവുന്നതാവാം. സ്നേഹാതിരേകത്തിന്റെ മൂർദ്ധന്യതയിൽ 'ഞാൻ- നീ' ഭേദബോധം പോലും പാടെ മറന്നേയ്ക്കാം.
എന്നാൽ സ്നേഹത്തിന്റെ ഈ 'ബാർട്ടർ' സമ്പ്രദായത്തിനിടയിൽ അറിയാതെ സംഭവിച്ചുപോകുന്ന ചില അപകടങ്ങൾ കൂടെയുണ്ട്. അത് ബുദ്ധിയുടെ ആലസ്യാവസ്ഥയാണ്. ആഴമുള്ള നദികൾക്കടിയിൽ കാണുന്ന ഇരുണ്ട ഗുഹകളിൽ കാലങ്ങളായി വസിച്ച് ക്രമേണ കാഴ്ചശക്തി നഷ്ടപ്പെട്ടുപോയതായി ഈ അടുത്ത കാലത്ത് കണ്ടെത്തിയ മീനുകളെപ്പോലെ ചില ജീവിതങ്ങൾക്ക് തലച്ചോർ വെറുമൊരു പാഴ്വസ്തുവായി ക്രമേണ മൃതമാവുന്നു. മാന്ത്രികനായ ഒരു കുഴലൂത്തുകാരന് അങ്ങനെയുള്ള ഒരാട്ടിൻ കൂട്ടത്തെ എങ്ങോട്ടു വേണമെങ്കിലും മാറ്റിക്കെട്ടുകയോ വേണമെങ്കിൽ അനായാസമായി കശാപ്പ് ചെയ്യുകയോ ആവാം.
ആ ദൈവിക പുരുഷൻ മായികവും അമാനുഷികവുമായ ഒരു ലോകത്തിന്റെ അഭ്രപാളികളിൽ നിന്നാണ് വരുന്നതെങ്കിൽ
സംഗതി പറയാനുമില്ല. അത്തരം മേഖലകളിലെ ചില രജതതാരകങ്ങൾ കാലം തങ്ങൾക്ക് വരുത്തിയ ഭൗതികമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോലും തയ്യാറുമല്ല. ഇത്തരം
'മാസ്സ് മാസ്‌മറൈസേഷനുകൾ ' ചിലപ്പോൾ നമ്മെ താങ്ങാനാവാത്ത അപകടങ്ങളിലേയ്ക്കും വഴി നടത്തിയേക്കാം.
ഓരോ ജീവിക്കും അതാത് പരിസരങ്ങളുമായി ആരോഗ്യകരമായി ഇടപെടുവാനുള്ള ബുദ്ധിയും കർമ്മശേഷിയും ഈ പ്രകൃതി തന്നെ കനിഞ്ഞു നൽകിയിട്ടുണ്ട്. അത് വിവേകപൂർവ്വം സഹജീവികൾക്ക് കൂടി ഉതകും വണ്ണം സാർത്ഥകമായി ഉപയോഗിക്കുവാൻ കൂടിയുള്ളതാണ്. അന്ധമായ ആരാധന, വ്യക്തിത്യമില്ലാത്ത ആട്ടിൻപറ്റത്തെയെന്നപോലെ, ഒരു സമൂഹത്തെ വൈചിത്ര്യങ്ങൾക്ക് പുറകെ അടിമകളായി ആനയിക്കപ്പെടരുത്.
പച്ചപ്പിന്റെ ഒറ്റത്തുരുത്തായി പുൽത്തലപ്പുകളെപ്പോലെ കൊടുങ്കാറ്റുകളെ മുറിപ്പെടുത്തി നിൽക്കുക..

Monday, July 24, 2017

ചിലപ്പോൾ ഒന്നു നീട്ടിത്തുപ്പാൻ, ചിലപ്പോൾ ഒന്നു മൂത്രമൊഴിക്കാൻ, മറ്റുചിലപ്പോൾ ഒന്നു ഛർദ്ദിക്കാൻ, ഒരു വയറിളകിപ്പോക്കിന്റെ കുത്തൊഴുക്കിൽ സ്വയം എടുത്തെറിയാൻ, ഇതൊന്നുമല്ലെങ്കിൽ ഒരധോവായു വിക്ഷേപണത്തിന്റെ ആന്ദോളനത്തിൽ ആലിലയാവാൻ ഒക്കെ എല്ലാ മൈക്കും ആഗ്രഹിക്കുണ്ടാവണം. അജീർണ്ണതയുടെ അസ്കിതയാലാവണം, അഘോര കണ്ഠക്ഷോഭങ്ങൾക്കിടയിൽ പാവം അറിയാതെ അലറിക്കരഞ്ഞുപോകുന്നത്. അതുകൊണ്ടു തന്നെയാവും, സുനിൽ സി ഇ മാഷിനെപ്പോലെയുള്ള മനസ്സുകൾ “മൈക്ക് ഒരു പക്ഷിയല്ലാ”യെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്..

സവിശേഷമായി നമ്മൾ നേടിയിട്ടുള്ള അറിവുകളൊന്നും തന്നെ അറവുശാലകളിൽ വിലപ്പോകില്ലായെന്നു തോന്നുന്നു. അറിവുശാലകൾ അറവുശാലകൾ ആയി പരിണാമം ചെയ്യുന്ന ഒരു കാലത്തിൽ ആത്മാഭിമാനത്തിന്റെ രക്ഷാകവചം എങ്ങനെ ഭൌതികമായ വളർച്ചയ്ക്കൊപ്പം നേടാം എന്ന് ആരും കാര്യമായി പഠിപ്പിച്ചുകാണുന്നുമില്ല. അത്തരമൊരു കാര്യത്തിന് നിയതമായ ഒരു സിലബസ് ഉണ്ടാക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ലിംഗപ്രത്യംഗ വിവേചനമില്ലാതെ സത്തകൾ അക്ഷന്തവ്യമായ അവഹേളനങ്ങൾക്ക് അടിപ്പെടുമ്പോൾ പകച്ചുനിൽക്കുക എന്ന സാർവദേശീയ ശീലത്തിന്റെ അനുസാരികൾ ആവാനേ സാമാന്യജനത്തിനു കഴിയുന്നുള്ളൂ. ഏടുത്തുപെരുമാറലിന്റെ ആവർത്തനത്തിനായല്ല പ്രക്യതി ദ്വന്ദ്വസ്വഭാവത്തിൽ നമുക്ക് അവയവങ്ങൾ തന്നിരിക്കുന്നത്. തമ്മിൽ തമ്മിൽ കാത്തുരക്ഷിക്കേണ്ടുന്ന ഒരു രക്ഷാകർത്ത്യഭാവം അവയിൽ അന്തർലീനമാണ്. ബാഹ്യമായ കണ്ണ്. കാത്, കൈകാലുകൾ, മാറിടം എന്നിവയും എല്ലുകൾ കൊണ്ടുള്ള വേലിക്കെട്ടിന്റെ ഉള്ളിലുള്ള ശ്വാസകോശം, കിഡ്നി, തലച്ചോറ് എന്നിവയ്ക്കും ഈ പൂരകസ്വഭാവം സ്വന്തമാണ്. അപകടഘട്ടങ്ങളിൽ ആതുരമായ അവസ്ഥകളിൽ ശരീരത്തിന്റെ ഈ സേവനമനോഭാവം നമ്മൾ പ്രയോജനപ്പെടുത്താറുമുണ്ടല്ലോ? എന്നാൽ ഇവയ്ക്കെല്ലാം ആത്മത്യാഗോജ്വലമായ ആയുധസ്വഭാവം കൂടെയുണ്ടെന്ന് ആരറിയുന്നൂ? ഏറ്റവും വലിയ പ്രഹരശേഷിയുള്ള അണുവായുധമാവാനും ജൈവായുധമാവാനും സമൂഹത്തിന്റെ മ്യഗയാവിനോദങ്ങൾക്ക് അറുതി വരുത്തുവാനും ഈ അർദ്ധനാരീശ്വരപ്രക്യതിക്ക് സാധ്യമാവും എന്നുതന്നെ നമുക്ക് അടിയുറച്ച് വിശ്വസിക്കാം. അത്തരത്തിലുള്ള ‘ഇന്റീരിയർ ഡെക്കറേഷൻ’ നമ്മുടെ ശക്തിസ്രോതസ്സ് ആവുന്ന ഒരു കാലത്ത് നിയമങ്ങൾക്ക് ഇളംകാറ്റിൽ പറക്കാതിരിക്കാ‍നുള്ള കരൾക്കനം സ്വന്തമാവും.

വേരുകൾ വെള്ളമെടുക്കാനായി മരുപ്പച്ചകൾ താണ്ടി പോകുമ്പോൾ നേരിടുന്ന എല്ലാ അപമാ‍നവും മറക്കുന്നത് പൂവിടലിലാണ്. കലങ്ങിച്ചുവന്ന കണ്ണുകളുമായി സൂര്യനെ ദയനീയമായി നോക്കിനിൽക്കുമ്പോൾ ഒന്നുമറിയാതെ നമ്മൾ പറയുന്നൂ: “നോക്കൂ, ആ പൂവിന് എന്തു ചന്തമെന്ന്!“ വസന്തം, ചെടികൾ അനുഭവിക്കുന്ന കാണാനോവുകളുടെ ഒടുവിൽ സംഭവിക്കുന്ന മഹോത്സവമാണ്..

മുറിവേറ്റ വാക്കുകൾ മുഖം പൊത്തിക്കരയാറുള്ളത് രാത്രികളിലാണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവന്നതിനുശേഷമാവും എന്നുമാത്രം. മുന്നിലെ നിരത്തിലെ അവസാന ബൈക്കും പോയ്ക്കഴിയുമ്പോൾ കാണാം, ആ നേർത്ത ഒച്ച കാതുകളിൽ മെല്ലെ വന്ന് മുട്ടിവിളിക്കുന്നത്. അങ്ങകലെ ആരോ എഫ് എമിലെ പലപ്പോഴും മടുപ്പിക്കുന്ന ഒലിപ്പീരുകൾക്കിടയ്ക്കിടെ ഇഷ്ടഗാനങ്ങൾ ട്യൂൺ ചെയ്യുന്നത് നേർത്ത പാട പോലെ കാതുകളിൽ വന്നലയ്ക്കും. ഉറങ്ങാതിരിക്കുന്ന ഏതെങ്കിലും കൂലിപ്പണിക്കാരന്റെ മോണോ റേഡിയോയിൽ നിന്നാവും ആ ഗ്യഹാതുരശീലുകൾ, ഇടയ്ക്ക് അലോസരമായി ചില പട്ടികൾ നേർത്ത ശബ്ദത്തിൽ ഓരിയിടും. ചിലപ്പോൾ മറ്റു ചില പട്ടികളും പല ദിക്കുകളിൽ നിന്നായി ആ സ്വരജതികൾക്ക് കൂട്ടുചേരും. ഉറങ്ങാതെ കിടക്കുന്ന കുഞ്ഞുങ്ങളെ ശകാരിക്കുന്ന അമ്മമാർ, അന്തിക്കള്ളിന്റെ ലഹരിയിൽ തൊള്ള തുറക്കുന്ന തന്തമാർ, ഒത്തുതീർപ്പിലെത്താത്ത കൊച്ചുകൊച്ചു കുടുംബ കലഹങ്ങൾ, അപൂർവമായി കൂട്ടക്കരച്ചിലുകൾ, പിരാ‍ക്കുകൾ.. പാതിരാവ് കഴിഞ്ഞു രാവിൽ പൂക്കുന്ന ഈ കല്യാണസൌഗന്ധികങ്ങൾക്കിടയിലൂടെ ഇഷ്ടഗാനങ്ങൾ അരിച്ചെടുക്കാൻ ഞാൻ നന്നേ പാടുപെടും. ചിലപ്പോൾ ഉറക്കത്തിന്റെ തള്ളിച്ചയിൽ പാട്ടിന്റെ മധുരമായ ഒഴുക്ക് പെട്ടെന്ന് നിന്നുപോകുന്നത് കാണാം. ഉറക്കച്ചടവിന്റെ ഉച്ചിയിൽ മുടി വാരിച്ചുറ്റിയുള്ള ഏതോ ഒരു അരസികത്തിയുടെ അനവസരത്തിലുള്ള ഇടപെടലാവാമത്. എങ്കിലും ഞാൻ സ്വപ്നം കാണും: മെല്ലെ ഈ വാതിൽ‌പ്പടിയുടെ ഇറമ്പത്തുനിന്ന് കൈകൾ ചിറകായി വിരിച്ച് അകാലത്തിൽ നിലച്ചുപോയ ആ പാട്ടിന്റെ ഉറവിടം തേടി ഇരുളിലൂടെ മെല്ലെ പറന്നുപോയാലോയെന്ന്..!

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...