Followers

Wednesday, October 30, 2019

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്കേണ്ടവർ മാത്രമാണോ? ആ വർഗ്ഗത്തിനു തലച്ചോറും ഹൃദയവുമെല്ലാം നിഷിദ്ധാവയവങ്ങൾ ആണോ? അവനു അഞ്ചു വർഷത്തിലൊരിക്കൽ മാത്രം 'മോഹവില' യിട്ടാൽ മതിയോ? അവൻ്റെ മേൽ അടിച്ചേൽപ്പിക്കുന്ന ശാസനകളെ വെള്ളം തൊടാതെ വിഴുങ്ങാനും വേണ്ടപ്പോൾ മാത്രം 'ഗ്വാ ഗ്വാ' വിളിക്കാനുമുള്ളതാണോ തൊണ്ടകൾ? നിയമത്തിൻ്റെ 'നാനോ-കണ്ണി'കളിൽ കൂടി ചിലർക്കെല്ലാം തരാതരം പോലെ നൂന്നും നുഴഞ്ഞും ഇറങ്ങാനും കയറാനും ഉള്ള സൗകര്യം ഒരുക്കുകയെന്നതു മാത്രമാണോ നീതിബോധം? വർഗ്ഗ- വർണ്ണാശ്രമങ്ങൾ ഇപ്പോഴും അതേ പടപ്പാളയങ്ങൾ തന്നെയാണോ? പെണ്ണുങ്ങൾ തന്നെ 'ക്രീമി' ലെയർ, 'കൃമി' ലയർ എന്നിങ്ങനെ വൈവിധ്യമാർന്ന തരത്തിലും തഞ്ചത്തിലുമൊക്കെയുണ്ടോ? തെളിവുകളിൽ ഒളിച്ചിരിക്കുന്ന 'ജാരമാർജ്ജാരത്വം' കണ്ടെത്തുവാൻ ഏതു ഫിംഗർ പ്രിൻ്റർമാരുടെ സഹായമാണ് തേടേണ്ടത്? മാധ്യമക്കുളിർ ഭൂതകാലത്തിൽ മാത്രം അനുഭവിച്ചാൽ മതിയോ? എന്നിങ്ങനെയുള്ള സാദാ ചോദ്യങ്ങൾ എന്നും രാവിലെ തന്നെ തൊണ്ടക്കുഴിയിൽ തികട്ടി വരുന്ന ഒരുപാടു പേരുണ്ട്. എന്നാൽ ആ വക സം'വേദനാ'ത്മകത്വം പിള്ളേരെ സ്കൂളിൽ കൊണ്ടു വിടുന്ന വഴിക്കു തന്നെ വറ്റിപ്പോവുകയാണ് പതിവ്.
കേരളത്തിൻ്റെ മുഖപടം വെറും പടവും പപ്പടവും ആവുന്ന ഒരു കാലത്ത് നമ്മൾ പരിണാമശൃംഗാര കലയിൽ ഏതു വാക്കിനാണ് എടുക്കുന്നതെന്ന് ഇടയ്ക്കൊക്കെ നോക്കുന്നത് നന്നായിരിക്കും. ആസ്ഥാന കുരങ്ങത്വത്തിൽ നിന്നും പുറപ്പെടുകയും ചെയ്തു; എന്നാൽ നിർദ്ദിഷ്ട മനുഷ്യത്വത്തിലേയ്ക്ക് എത്തിയതുമില്ല!

No comments:

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...