Followers

Wednesday, January 3, 2018

ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച്‌ കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കുകൂടെ ഭാഗ്യം കൈവന്നുവെന്നും വരാം. 'വിശ്വ പ്രേമ'മെന്ന മഹത്തായ സങ്കല്പമൊക്കെ അങ്ങനെയുണ്ടാവുന്നതാവാം. സ്നേഹാതിരേകത്തിന്റെ മൂർദ്ധന്യതയിൽ 'ഞാൻ- നീ' ഭേദബോധം പോലും പാടെ മറന്നേയ്ക്കാം.
എന്നാൽ സ്നേഹത്തിന്റെ ഈ 'ബാർട്ടർ' സമ്പ്രദായത്തിനിടയിൽ അറിയാതെ സംഭവിച്ചുപോകുന്ന ചില അപകടങ്ങൾ കൂടെയുണ്ട്. അത് ബുദ്ധിയുടെ ആലസ്യാവസ്ഥയാണ്. ആഴമുള്ള നദികൾക്കടിയിൽ കാണുന്ന ഇരുണ്ട ഗുഹകളിൽ കാലങ്ങളായി വസിച്ച് ക്രമേണ കാഴ്ചശക്തി നഷ്ടപ്പെട്ടുപോയതായി ഈ അടുത്ത കാലത്ത് കണ്ടെത്തിയ മീനുകളെപ്പോലെ ചില ജീവിതങ്ങൾക്ക് തലച്ചോർ വെറുമൊരു പാഴ്വസ്തുവായി ക്രമേണ മൃതമാവുന്നു. മാന്ത്രികനായ ഒരു കുഴലൂത്തുകാരന് അങ്ങനെയുള്ള ഒരാട്ടിൻ കൂട്ടത്തെ എങ്ങോട്ടു വേണമെങ്കിലും മാറ്റിക്കെട്ടുകയോ വേണമെങ്കിൽ അനായാസമായി കശാപ്പ് ചെയ്യുകയോ ആവാം.
ആ ദൈവിക പുരുഷൻ മായികവും അമാനുഷികവുമായ ഒരു ലോകത്തിന്റെ അഭ്രപാളികളിൽ നിന്നാണ് വരുന്നതെങ്കിൽ
സംഗതി പറയാനുമില്ല. അത്തരം മേഖലകളിലെ ചില രജതതാരകങ്ങൾ കാലം തങ്ങൾക്ക് വരുത്തിയ ഭൗതികമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോലും തയ്യാറുമല്ല. ഇത്തരം
'മാസ്സ് മാസ്‌മറൈസേഷനുകൾ ' ചിലപ്പോൾ നമ്മെ താങ്ങാനാവാത്ത അപകടങ്ങളിലേയ്ക്കും വഴി നടത്തിയേക്കാം.
ഓരോ ജീവിക്കും അതാത് പരിസരങ്ങളുമായി ആരോഗ്യകരമായി ഇടപെടുവാനുള്ള ബുദ്ധിയും കർമ്മശേഷിയും ഈ പ്രകൃതി തന്നെ കനിഞ്ഞു നൽകിയിട്ടുണ്ട്. അത് വിവേകപൂർവ്വം സഹജീവികൾക്ക് കൂടി ഉതകും വണ്ണം സാർത്ഥകമായി ഉപയോഗിക്കുവാൻ കൂടിയുള്ളതാണ്. അന്ധമായ ആരാധന, വ്യക്തിത്യമില്ലാത്ത ആട്ടിൻപറ്റത്തെയെന്നപോലെ, ഒരു സമൂഹത്തെ വൈചിത്ര്യങ്ങൾക്ക് പുറകെ അടിമകളായി ആനയിക്കപ്പെടരുത്.
പച്ചപ്പിന്റെ ഒറ്റത്തുരുത്തായി പുൽത്തലപ്പുകളെപ്പോലെ കൊടുങ്കാറ്റുകളെ മുറിപ്പെടുത്തി നിൽക്കുക..

Monday, July 24, 2017

ചിലപ്പോൾ ഒന്നു നീട്ടിത്തുപ്പാൻ, ചിലപ്പോൾ ഒന്നു മൂത്രമൊഴിക്കാൻ, മറ്റുചിലപ്പോൾ ഒന്നു ഛർദ്ദിക്കാൻ, ഒരു വയറിളകിപ്പോക്കിന്റെ കുത്തൊഴുക്കിൽ സ്വയം എടുത്തെറിയാൻ, ഇതൊന്നുമല്ലെങ്കിൽ ഒരധോവായു വിക്ഷേപണത്തിന്റെ ആന്ദോളനത്തിൽ ആലിലയാവാൻ ഒക്കെ എല്ലാ മൈക്കും ആഗ്രഹിക്കുണ്ടാവണം. അജീർണ്ണതയുടെ അസ്കിതയാലാവണം, അഘോര കണ്ഠക്ഷോഭങ്ങൾക്കിടയിൽ പാവം അറിയാതെ അലറിക്കരഞ്ഞുപോകുന്നത്. അതുകൊണ്ടു തന്നെയാവും, സുനിൽ സി ഇ മാഷിനെപ്പോലെയുള്ള മനസ്സുകൾ “മൈക്ക് ഒരു പക്ഷിയല്ലാ”യെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്..

സവിശേഷമായി നമ്മൾ നേടിയിട്ടുള്ള അറിവുകളൊന്നും തന്നെ അറവുശാലകളിൽ വിലപ്പോകില്ലായെന്നു തോന്നുന്നു. അറിവുശാലകൾ അറവുശാലകൾ ആയി പരിണാമം ചെയ്യുന്ന ഒരു കാലത്തിൽ ആത്മാഭിമാനത്തിന്റെ രക്ഷാകവചം എങ്ങനെ ഭൌതികമായ വളർച്ചയ്ക്കൊപ്പം നേടാം എന്ന് ആരും കാര്യമായി പഠിപ്പിച്ചുകാണുന്നുമില്ല. അത്തരമൊരു കാര്യത്തിന് നിയതമായ ഒരു സിലബസ് ഉണ്ടാക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. ലിംഗപ്രത്യംഗ വിവേചനമില്ലാതെ സത്തകൾ അക്ഷന്തവ്യമായ അവഹേളനങ്ങൾക്ക് അടിപ്പെടുമ്പോൾ പകച്ചുനിൽക്കുക എന്ന സാർവദേശീയ ശീലത്തിന്റെ അനുസാരികൾ ആവാനേ സാമാന്യജനത്തിനു കഴിയുന്നുള്ളൂ. ഏടുത്തുപെരുമാറലിന്റെ ആവർത്തനത്തിനായല്ല പ്രക്യതി ദ്വന്ദ്വസ്വഭാവത്തിൽ നമുക്ക് അവയവങ്ങൾ തന്നിരിക്കുന്നത്. തമ്മിൽ തമ്മിൽ കാത്തുരക്ഷിക്കേണ്ടുന്ന ഒരു രക്ഷാകർത്ത്യഭാവം അവയിൽ അന്തർലീനമാണ്. ബാഹ്യമായ കണ്ണ്. കാത്, കൈകാലുകൾ, മാറിടം എന്നിവയും എല്ലുകൾ കൊണ്ടുള്ള വേലിക്കെട്ടിന്റെ ഉള്ളിലുള്ള ശ്വാസകോശം, കിഡ്നി, തലച്ചോറ് എന്നിവയ്ക്കും ഈ പൂരകസ്വഭാവം സ്വന്തമാണ്. അപകടഘട്ടങ്ങളിൽ ആതുരമായ അവസ്ഥകളിൽ ശരീരത്തിന്റെ ഈ സേവനമനോഭാവം നമ്മൾ പ്രയോജനപ്പെടുത്താറുമുണ്ടല്ലോ? എന്നാൽ ഇവയ്ക്കെല്ലാം ആത്മത്യാഗോജ്വലമായ ആയുധസ്വഭാവം കൂടെയുണ്ടെന്ന് ആരറിയുന്നൂ? ഏറ്റവും വലിയ പ്രഹരശേഷിയുള്ള അണുവായുധമാവാനും ജൈവായുധമാവാനും സമൂഹത്തിന്റെ മ്യഗയാവിനോദങ്ങൾക്ക് അറുതി വരുത്തുവാനും ഈ അർദ്ധനാരീശ്വരപ്രക്യതിക്ക് സാധ്യമാവും എന്നുതന്നെ നമുക്ക് അടിയുറച്ച് വിശ്വസിക്കാം. അത്തരത്തിലുള്ള ‘ഇന്റീരിയർ ഡെക്കറേഷൻ’ നമ്മുടെ ശക്തിസ്രോതസ്സ് ആവുന്ന ഒരു കാലത്ത് നിയമങ്ങൾക്ക് ഇളംകാറ്റിൽ പറക്കാതിരിക്കാ‍നുള്ള കരൾക്കനം സ്വന്തമാവും.

വേരുകൾ വെള്ളമെടുക്കാനായി മരുപ്പച്ചകൾ താണ്ടി പോകുമ്പോൾ നേരിടുന്ന എല്ലാ അപമാ‍നവും മറക്കുന്നത് പൂവിടലിലാണ്. കലങ്ങിച്ചുവന്ന കണ്ണുകളുമായി സൂര്യനെ ദയനീയമായി നോക്കിനിൽക്കുമ്പോൾ ഒന്നുമറിയാതെ നമ്മൾ പറയുന്നൂ: “നോക്കൂ, ആ പൂവിന് എന്തു ചന്തമെന്ന്!“ വസന്തം, ചെടികൾ അനുഭവിക്കുന്ന കാണാനോവുകളുടെ ഒടുവിൽ സംഭവിക്കുന്ന മഹോത്സവമാണ്..

മുറിവേറ്റ വാക്കുകൾ മുഖം പൊത്തിക്കരയാറുള്ളത് രാത്രികളിലാണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവന്നതിനുശേഷമാവും എന്നുമാത്രം. മുന്നിലെ നിരത്തിലെ അവസാന ബൈക്കും പോയ്ക്കഴിയുമ്പോൾ കാണാം, ആ നേർത്ത ഒച്ച കാതുകളിൽ മെല്ലെ വന്ന് മുട്ടിവിളിക്കുന്നത്. അങ്ങകലെ ആരോ എഫ് എമിലെ പലപ്പോഴും മടുപ്പിക്കുന്ന ഒലിപ്പീരുകൾക്കിടയ്ക്കിടെ ഇഷ്ടഗാനങ്ങൾ ട്യൂൺ ചെയ്യുന്നത് നേർത്ത പാട പോലെ കാതുകളിൽ വന്നലയ്ക്കും. ഉറങ്ങാതിരിക്കുന്ന ഏതെങ്കിലും കൂലിപ്പണിക്കാരന്റെ മോണോ റേഡിയോയിൽ നിന്നാവും ആ ഗ്യഹാതുരശീലുകൾ, ഇടയ്ക്ക് അലോസരമായി ചില പട്ടികൾ നേർത്ത ശബ്ദത്തിൽ ഓരിയിടും. ചിലപ്പോൾ മറ്റു ചില പട്ടികളും പല ദിക്കുകളിൽ നിന്നായി ആ സ്വരജതികൾക്ക് കൂട്ടുചേരും. ഉറങ്ങാതെ കിടക്കുന്ന കുഞ്ഞുങ്ങളെ ശകാരിക്കുന്ന അമ്മമാർ, അന്തിക്കള്ളിന്റെ ലഹരിയിൽ തൊള്ള തുറക്കുന്ന തന്തമാർ, ഒത്തുതീർപ്പിലെത്താത്ത കൊച്ചുകൊച്ചു കുടുംബ കലഹങ്ങൾ, അപൂർവമായി കൂട്ടക്കരച്ചിലുകൾ, പിരാ‍ക്കുകൾ.. പാതിരാവ് കഴിഞ്ഞു രാവിൽ പൂക്കുന്ന ഈ കല്യാണസൌഗന്ധികങ്ങൾക്കിടയിലൂടെ ഇഷ്ടഗാനങ്ങൾ അരിച്ചെടുക്കാൻ ഞാൻ നന്നേ പാടുപെടും. ചിലപ്പോൾ ഉറക്കത്തിന്റെ തള്ളിച്ചയിൽ പാട്ടിന്റെ മധുരമായ ഒഴുക്ക് പെട്ടെന്ന് നിന്നുപോകുന്നത് കാണാം. ഉറക്കച്ചടവിന്റെ ഉച്ചിയിൽ മുടി വാരിച്ചുറ്റിയുള്ള ഏതോ ഒരു അരസികത്തിയുടെ അനവസരത്തിലുള്ള ഇടപെടലാവാമത്. എങ്കിലും ഞാൻ സ്വപ്നം കാണും: മെല്ലെ ഈ വാതിൽ‌പ്പടിയുടെ ഇറമ്പത്തുനിന്ന് കൈകൾ ചിറകായി വിരിച്ച് അകാലത്തിൽ നിലച്ചുപോയ ആ പാട്ടിന്റെ ഉറവിടം തേടി ഇരുളിലൂടെ മെല്ലെ പറന്നുപോയാലോയെന്ന്..!
കളഞ്ഞുകുളിക്കപ്പെടുന്ന ജീവിതങ്ങളെ കാണുമ്പോൾ കളങ്കമെന്യേ ഇങ്ങനെ പറഞ്ഞുപോകുന്നു..

വിയർപ്പുകൊണ്ട് തിളങ്ങേണ്ടവയാണ് മസിലുകൾ. എന്നാൽ വേദികളിൽ അല്പമാത്രമായ വസ്ത്രവിജ്രംഭണത്തിൽ മേലാസകലം തിളങ്ങുന്ന ഓയിൽ‌പ്പരപ്പിൽ പല പല ആംഗിളുകളിൽ നിന്നാണ് മസിലുകൾ ദിവ്യപ്രകാശവലയത്തിൽ തുടിക്കുന്നത്. വയലേലകളിലും വരണ്ടുണങ്ങിയ കുന്നിൽ ചരിവുകളിലുമാണ് സൂര്യൻ എന്ന യൂണിവേഴ്സൽ സ്പോട്ട് ലൈറ്റിന്റെ ചുവട്ടിൽ ഒരു പേശയുടെ മടക്കിക്കുത്തിനു കീഴിൽ പേശികൾ ഓളം വെട്ടിയിരുന്നത് ഏതാണ്ട് ഇന്നന്യമായി. പ്രോട്ടീൻ പൌഡർ അല്ല, നല്ല പതുപതുത്ത മണമുള്ള കുട്ടിക്യൂറ പൌഡർ ആയിരുന്നൂ, ആ മസിലുകൾ ചൂഴ്ന്നുനിന്ന മണം. ഹോർമോണത്തരങ്ങളുടെ അകമ്പടിയും ആ കറുമ്പൻ കരുത്തുകൾക്ക് കൂട്ടുമില്ലായിരുന്നു. ഇന്നിപ്പോൾ തിളങ്ങുന്ന മസിൽ ശീലുകൾക്കെല്ലാം തൂവെള്ളനിറമാണ്. കണ്ണാടിക്കുമുന്നിൽ ആത്മരതിയുടെ കുത്തിയിരുപ്പുകളായും ആത്മവിശ്വാസത്തിന്റെ നെടുംതൂണുകളായും ആ ഇറച്ചിത്തൂക്കങ്ങളെ നമ്മൾ രേഖപ്പെടുത്തുന്നു. സിക്സ് പായ്ക്കിനൊപ്പം തമ്പായ്ക്കും മുഴച്ചുനിൽക്കുന്ന ആധുനികോത്തര യൌവനം. ആർക്കും ആരേയും ശ്രദ്ധിക്കാനോ 
സന്നിഗ്ദ്ധഘട്ടങ്ങളിൽ സമൂഹമധ്യത്തിൽ സജീവസാന്നിധ്യമാവാനോ ഈ യുവികൾക്ക് സമയമില്ല. കാലം തികയാതെ പുഴുക്കുത്തുകൾ ഈ കരുത്തിന്റെ പൂങ്കുലകളിൽ വീഴാൻ ഇട വരാതിരിക്കട്ടെ. അകത്തൂക്കങ്ങളിൽ ആർക്കും വേണ്ടത്ര താത്പര്യമില്ല.. ഉള്ളുടയാതിരിക്കട്ടെ, സ്വാമി വിവേകാനന്ദൻ വാനോളം പുകഴ്ത്തിയ ഭാരതയൌവനത്തിന്റെ ഉരുക്കിൻ കരുത്തുകൾ. കണ്മുന്നിൽ നീണ്ടുകിടക്കുന്ന ഊഷരഭൂമികൾ നമുക്ക് പാട്ടത്തിനെടുക്കാം. അതിൽ ജനിതകഭ്രംശം വരാത്ത വിയർപ്പിന്റെ വിത്തുകൾ ശാസ്ത്രീയമായിത്തന്നെ വിതയ്ച്ചിടാം. നോക്കിയിരിക്കെ സൂര്യനേത്രങ്ങളുടെ കണ്ണുകടി ( സൺ ബേൺ) യെ തോൽ‌പ്പിച്ചുകൊണ്ട് മണ്ണിലും മാംസത്തിലും വിയർപ്പിന്റെ- ഉയിർപ്പിന്റെ നൂറുമേനി വിളയുന്ന കൌതുകക്കാഴ്ച കാണാം, മൾട്ടി ജിമ്മുകളിൽ നിന്നും മഡ്ഡി (മണ്ണ്) ജിമ്മുകളിലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വഴി നടത്താം. സമൂഹത്തിൽ നിന്നും അകന്നതല്ല, സമൂഹത്തിലലിഞ്ഞുചേർന്ന ഒരു പുതുകൌമാരത്തിന്റെ പൂച്ചെടികൾ നമ്മുടെ കണ്മുന്നിൽ സമ്യദ്ധമായി ഇനിയെങ്കിലും വളരട്ടെ...
വെറുതെ പറയുന്നതല്ല, വായിച്ചറിയുന്ന ജീവിതങ്ങൾ പലതും അപ്പോൾ നമ്മുടെ കൂടെയുണ്ടായിരുന്നെങ്കിൽ ഒന്നു തൊട്ടുതലോടി പ്പോകാമായിരുന്നൂ എന്നു ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ അത്തരം ജീവിതങ്ങൾ കത്തിയമർന്നത് ഒന്നുകിൽ വിശപ്പിന്റെ എരിതീയിൽ; അല്ലായെങ്കിൽ അവഗണനയുടെ നെരിപ്പോടിൽ. ആഘോഷിക്കാൻ വിട്ടുകൊടുത്തിട്ട് അത്തരം ആത്മാക്കൾ എവിടെപ്പോയാണ് ഒളിച്ചിരിക്കുന്നത്? അഥവാ മരണാന്തരം അതീന്ദ്രിയ ശക്തിവൈഭവങ്ങൾ വല്ലതും കരഗതമാവുന്നുവെങ്കിൽ, പിന്നീട് സംഭവിക്കുന്ന അത്തരം കണ്ണീർ കൊണ്ടാട്ടങ്ങളെ ഭസ്മീകരിക്കാത്തതെന്ത്? ജീവിച്ചിരിക്കുമ്പോൾ ഒരു നല്ല വാക്ക് പറയാൻ സമയമില്ലാത്തവർ അപദാനങ്ങളാൽ ആത്മാവിനെ വീണ്ടും വീണ്ടും ഭസ്മീകരിക്കുന്നത് കാണാം. എനിക്കാണെങ്കിൽ യശ്ശ:ശരീരിയായാൽ, തലയ്ക്കൽ ഒരു നാട്ടുമാവും കാൽക്കൽ ഒരു കൂഴപ്ലാവും ധാരാളം, ഓർമ്മയ്ക്കായി, ജീവിച്ചിരിക്കുമ്പോൾ നൽകാൻ കഴിയാത്തതൊന്നും ഒരാൾക്ക് മരണത്തിൽ കൊടുക്കാൻ നമുക്ക് അർഹതയില്ല.. നാട്ടിൻപുറം തന്നെയാണ് എന്നെപ്പോലുള്ളവരുടെ ‘ഹാർട്ടിൻപുറം‘’ എന്നുമാത്രം പരത്തിപ്പറഞ്ഞുകൊണ്ട്, ഈ ആത്മപ്രകാശനത്തിൽനിന്ന് വിടവാങ്ങുന്നു.


ബാഹ്യമായ സ്കാനിംഗ് മെഷീനുകൾ നമുക്ക് ധാരാളമുണ്ട്. ഉള്ളറിയാൻ, ഉള്ളുകള്ളികൾ അറിയാൻ ഒരു നിർവാഹവുമില്ല.


എന്നെക്കൂടെ ചേർത്ത് എല്ലാവർക്കുമായി ഒരു പുലർകാല (മലർകാല) ചിന്ത..


ഡേറ്റിംഗ് കാലഹരണപ്പെട്ടുവോ ആവോ! എന്നാൽ കാലങ്ങളോളം കൌതുകക്കണ്ണുകളെക്കാത്ത് ചിലത് മണ്ണിനടിയിൽ കരുത്ത് തെളിയിക്കാനായി കിടപ്പുണ്ട്.കാലം എല്ലാറ്റിന്റെയും മാറ്റുരച്ച് കാണിക്കാൻ ഉരകല്ലായി അവതരിക്കുമല്ലോ!

സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...